വെനസ്വേലയ്ക്ക് പിന്നാലെ ട്രംപ് ലക്ഷ്യമിടുന്ന മറ്റു രാജ്യങ്ങൾ.. | Trump

ഗ്രീൻലാൻഡും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു
Other countries targeted by Trump after Venezuela
Updated on

വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം തടവിലാക്കിയതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കയുടെ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്നും അയൽരാജ്യങ്ങൾ വിജയകരമായി മുന്നോട്ട് പോകണമെന്നും ട്രംപ് വ്യക്തമാക്കി. മേഖലയിലെ എണ്ണ വിഭവങ്ങൾ സ്വതന്ത്രമായി ലഭ്യമാകണമെന്ന താല്പര്യവും ട്രംപ് പ്രകടിപ്പിച്ചു.(Other countries targeted by Trump after Venezuela)

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് ആവർത്തിച്ചു. നിലവിൽ റഷ്യൻ, ചൈനീസ് കപ്പലുകൾ ഗ്രീൻലാൻഡ് മേഖലയിലുണ്ട്. ഇത് തടയാൻ ഡെന്മാർക്കിന് കഴിയില്ലെന്നും തന്ത്രപ്രധാനമായ ഈ പ്രദേശം അമേരിക്കയുടെ ലക്ഷ്യത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വെനസ്വേലയുടെ സഖ്യകക്ഷിയായ ക്യൂബയിൽ നേരിട്ടുള്ള സൈനിക ഇടപെടൽ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. "ക്യൂബ തനിയെ തകരും" എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാൽ ക്യൂബൻ ഭരണകൂടം വലിയ പ്രശ്നമാണെന്നും ഭാവി നടപടികൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

ആഭ്യന്തര പ്രതിഷേധങ്ങൾ നേരിടുന്ന ഇറാന് നേരെയും ട്രംപ് ആഞ്ഞടിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ വധിച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്കൻ സൈന്യം എത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അവ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലേക്കുള്ള ലഹരിമരുന്ന് ഒഴുക്കിന്റെ ഉറവിടം കൊളംബിയൻ ലാബുകളാണെന്ന് ട്രംപ് ആരോപിച്ചു. മഡൂറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു.

അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ മെക്സിക്കോ പരാജയപ്പെട്ടാൽ അമേരിക്ക നേരിട്ട് നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ലഹരി മാഫിയകളെ അടിച്ചമർത്താത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് സന്ദേശം.

Related Stories

No stories found.
Times Kerala
timeskerala.com