
യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിന്റെ സമ്മാനത്തുക വർധിപ്പിച്ച് സംഘാടകർ. 9 കോടി ഡോളറാണ് (ഏകദേശം 786 കോടി രൂപ) ടൂർണമെന്റിലെ ആകെ സമ്മാനത്തുക. കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം വർധനവാണ് വരുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ടെന്നിസ് ടൂർണമെന്റ് എന്ന റെക്കോർഡ് നേരത്തെ യുഎസ് ഓപ്പണിനു സ്വന്തമാണ്.
പുരുഷ, വനിതാ സിംഗിൾസ് ചാംപ്യൻമാർക്കു കഴിഞ്ഞ വർഷം 10 ലക്ഷം യുഎസ് ഡോളറായിരുന്നു (ഏകദേശം 8.75 കോടി രൂപ) സമ്മാനമായി നല്കിയതെങ്കിൽ ഇത്തവണ അത് 50 ലക്ഷം യുഎസ് ഡോളറായാണ് വർധിപ്പിച്ചിട്ടുള്ളത് (44 കോടി രൂപ). റണ്ണറപ്പിന് 22 കോടി രൂപയും സെമിഫൈനലിൽ പരാജയപ്പെടുന്നവർക്ക് 11 കോടി രൂപയും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുന്നവർക്ക് 5.8 കോടി രൂപയും പ്രൈസ് മണിയായി ലഭിക്കും.
പുരുഷ, വനിതാ ഡബിൾസ് മത്സരങ്ങൾക്കു പുറമേ യുഎസ് ഓപ്പണിൽ ഇത്തവണ മിക്സ്ഡ‍് ഡബിൾസിലും മത്സരമുണ്ട്. ഡബിൾസ് മത്സരങ്ങളിലെ ജേതാക്കൾക്ക് 8.75 കോടി രൂപയും റണ്ണറപ്പിന് 4.4 കോടി രൂപയുമാണ് പാരിതോഷികം. ആഗസ്റ്റ് 24നാണ് യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാമിനു തുടക്കമാകുന്നത്.