നാസികൾ ചുട്ടെരിച്ച ഗ്രാമം; വെടിവെച്ചും ചുട്ടും കൊന്നൊടുക്കിയത് 600 ഓളം നിരപരാധികളെ, രണ്ടാം ലോക മഹായുദ്ധത്തിന്റെ രക്തസാക്ഷിയായ ഒറാഡോർ-സർ-ഗ്ലെയ്ൻ എന്ന ഗ്രാമം | Oradour-sur-Glane

കുട്ടികൾ ഉൾപ്പെടെ 642 പേരാണ് ആ ദിവസം ഓർദൂർ-സുർ-ഗ്ലാനിൽ കൊല്ലപ്പെട്ടത്.
Oradour-sur-Glane
Published on

രണ്ടാം ലോക മഹായുദ്ധം എന്ന കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യ ചിത്രം ഹിരോഷിമയും നാഗസാക്കിയും ഹിറ്റ്ലറുടെ ഗ്യാസ് ചേംബറുമൊക്കെയാക്കും. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്കും നാശനഷ്ടങ്ങൾക്കും കാരണമായ രണ്ടാം ലോകമഹായുദ്ധം (1939-1945) കേവലം സൈനിക പോരാട്ടങ്ങളുടെ കഥ മാത്രമായിരുന്നില്ല. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം തകർത്തെറിഞ്ഞ ഫാസിസത്തിന്റെയും നാസിസത്തിന്റെയും ക്രൂരമായ അധ്യായങ്ങൾ കൂടിയാണ്. ജർമ്മനിയുടെ തേരോട്ടം യൂറോപ്പിലൊന്നാക്കെ വ്യാപിച്ചപ്പോൾ, മണ്ണോട് മണ്ണായത് ഒട്ടനവധി പട്ടണങ്ങളും ഗ്രാമങ്ങളുമാണ്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചെങ്കിലും അതിന്റെ ഭീകരതയുടെ മുറിപ്പാടുകൾ ഇപ്പോഴും നിലനിൽക്കുന്ന നിരവധി ഇടങ്ങളുണ്ട്. അത്തരമൊരു ഗ്രാമമുണ്ട് ഫ്രാൻ‌സിൽ, നാസികൾ ചുട്ടെരിച്ച ഓർദൂർ-സുർ-ഗ്ലാൻ (Oradour-sur-Glane) എന്ന ഗ്രാമം. നാസികളുടെ ക്രൂരതയ്ക്ക് രക്തസാക്ഷിയായ ഓർദൂർ ഗ്രാമമവും ഗ്രാമത്തിൽ മരിച്ചു വീണ 600 ഓളം മനുഷ്യരും.

ഫ്രാൻസിലെ ലിമോജസിന് സമീപമുള്ള ഒരു സാധാരണ ഗ്രാമമായിരുന്നു ഓർദൂർ-സുർ-ഗ്ലാൻ. 650 ഓളം മനുഷ്യർ മാത്രം വസിച്ചിരുന്ന കൊച്ചു ഗ്രാമം. കൃഷിയായിരുന്നു ഇവിടുത്തുകാരുടെ പ്രധാന ജീവനോപാധി. എന്നാൽ, 1944 ജൂൺ 10-ന് നടന്ന ഒരു മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന കൂട്ടക്കൊല ഈ ഗ്രാമത്തെ ലോക ഭൂപടത്തിലെ ഭീകരമായ ഒരോർമ്മപ്പെടുത്തലായി മാറ്റി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ സൈന്യത്തിന്റെ, പ്രത്യേകിച്ച് എസ്.എസ്. (SS) സേനയുടെ, ക്രൂരതയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി ഈ ഗ്രാമം മാറി.

1944 ജൂൺ 10

നാസി ജർമ്മനിയിലെ വഫെൻ-എസ്.എസ്. പാൻസർ ഡിവിഷനിലെ ('ഡാസ് റൈക്ക്' - Das Reich) ഒരു യൂണിറ്റ് ഗ്രാമത്തെ വളയുന്നു. വലിയ മെഷീൻ തോക്കുകളും, വെടിക്കോപ്പുകളും നിറച്ച ഒട്ടനവധി നാസിക്കാരുടെ വാഹനങ്ങൾ ഗ്രാമത്തെ ചുറ്റി. നാസികളുടെ ഈ അപ്രതീക്ഷിത നീക്കം കണ്ട ഗ്രാമവാസികൾക്ക് ഒരു കാര്യം ഉറപ്പായി, തങ്ങളെ തേടിയെത്തിയിരിക്കുന്നത് വലിയൊരു വിപത്താണെന്ന്. ഈ ഗ്രാമത്തിൽ യുദ്ധത്തിൽ നാസികൾക്ക് എതിരെ പോരാടിയ ഒട്ടനവധി ഫ്രഞ്ച് സൈനികരുണ്ടായിരുന്നു. ഇത് കൂടാതെ യുദ്ധങ്ങളിൽ പരിക്കേറ്റ മനുഷ്യരും ഈ ഗ്രാമത്തിലേക്കാണ് അഭയം തേടിയെത്തുന്നത്. എസ്.എസ്.

സൈനികർ ഗ്രാമവാസികളെ മുഴുവൻ, അഭയാർത്ഥികൾ ഉൾപ്പെടെ, കവലയിൽ ഒരുമിക്കാൻ ഉത്തരവിട്ടു. ശേഷം ഗ്രാമത്തിലെ എല്ലാ പുരുഷന്മാരെയും (ഏകദേശം 197 പേർ) വേർതിരിച്ച് ആറ് ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമത്തിലെ കളപ്പുരകളിലേക്കും ഷെഡുകളിലേക്കും കൊണ്ടുപോയി. ഈ കെട്ടിടങ്ങൾക്കുള്ളിൽ വെച്ച് അവരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തി. രക്ഷപ്പെടാനുള്ള ഒരു സാധ്യതയും നൽകാതിരിക്കാൻ, കെട്ടിടങ്ങൾ പൂട്ടിയിട്ട് തീയിട്ടു.

പുരുഷന്മാരെ കൊലപ്പെടുത്തിയ ശേഷം, ഏകദേശം 445 സ്ത്രീകളെയും കുട്ടികളെയും ഗ്രാമത്തിലെ പള്ളിയിലേക്ക് മാറ്റി. തുടർന്ന്, പള്ളിയുടെ ജനാലകളും വാതിലുകളുമെല്ലാം പുറത്തു നിന്നും പൂട്ടുന്നു. ശേഷം എസ്.എസ്. സൈനികർ പള്ളിക്കുള്ളിൽ ഒരു സ്ഫോടകവസ്തു വെച്ച് തീയിട്ടു. വാതിലുകൾ തകർത്ത് രക്ഷപെടാൻ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി. കൂട്ടക്കൊലക്ക് ശേഷം ഗ്രാമത്തിലെ ഓരോ വീട് സൈനികർ പരിശോധിക്കുന്നു. രക്ഷപെടാൻ ശ്രമിച്ചവരെ, ഒളിച്ചിരുന്നവരെയൊക്കെയും കൊലപ്പെടുത്തി. ശേഷം എല്ലാ വീടുകൾക്കും തീയിട്ടു. ഗ്രാമത്തിന്റെ പല ഭാഗത്തായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിടുന്നു. ഇത് കൊണ്ടും അവസാനിച്ചില്ല, ഗ്രാമത്തിലെ എല്ലാ വഴികളും അഗ്നിക്കിരയാക്കുന്നു. ചുരുക്കത്തിൽ ഒറാഡോർ-സർ-ഗ്ലെയ്ൻ എന്ന കൊച്ചു ഗ്രാമത്തെ നാസികൾ ചുട്ടെരിച്ചു.

രക്ഷപ്പെട്ടവർ വെറും ഏഴു പേർ

കുട്ടികൾ ഉൾപ്പെടെ 642 പേരാണ് ആ ദിവസം ഓർദൂർ-സുർ-ഗ്ലാനിൽ കൊല്ലപ്പെട്ടത്. എന്നാൽ ഈ കൂട്ടക്കൊലയിൽ നിന്നും ജീവൻ തിരിച്ചുപ്പിടിക്കാൻ സാധിച്ചത് വെറും ഏഴു പേർക്ക് മാത്രമാണ്. അഞ്ചു പുരുഷന്മാരും, ഒരു സ്ത്രീയും, പിന്നെ എട്ടു വയസുകാരനായ റോജർ ഗോഡ്ഫ്രിനും. ഫ്രഞ്ച് പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളോടുള്ള പ്രതികാരമായിരുന്നു ഈ കൂട്ടക്കൊലയുടെ പിന്നിലെ പ്രധാന കാരണം.

രക്തസാക്ഷിയായ ഗ്രാമം

യുദ്ധാനന്തരം, ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗോൾ ഒരു ചരിത്രപരമായ തീരുമാനം എടുത്തു. ഓർഡുരെ-സർ-ഗ്ലാൻ ഗ്രാമം കേടുകൂടാതെ സൂക്ഷിക്കും, അത് പുനർനിർമ്മിക്കുകയില്ല. നാസി ക്രൂരതയുടെ ജീവിക്കുന്ന സാക്ഷ്യമായി അത് നിലനിൽക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ദർശനം. വെന്തുപോയ കെട്ടിടങ്ങളുടെ ചാരങ്ങൾ, കത്തിക്കരിഞ്ഞ കാറുകളുടെ തുരുമ്പിച്ച അവശിഷ്ടങ്ങൾ, വെടിയുണ്ടകൾ തുളച്ച പള്ളിയുടെ ഭിത്തികൾ, ഉരുകിയ മണികൾ എന്നിവയെല്ലാം 1944-ലെ ആ ദിവസത്തിന് മാറ്റം വരുത്താതെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.

ഗ്രാമത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഈ മ്യൂസിയം ഓർമ്മയുടെ കേന്ദ്രം (Centre de la Mémoir) കൂട്ടക്കൊലയുടെ ചരിത്ര പശ്ചാത്തലവും ലോകമെമ്പാടുമുള്ള സിവിലിയൻ കൂട്ടക്കൊലകളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം അതിജീവിച്ചവർക്കായി പഴയ ഗ്രാമത്തിന് തൊട്ടടുത്ത് പുതിയൊരു ഗ്രാമം പണിതു. ഒർഡോർ-സർ-ഗ്ലാനിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് "Souviens-toi" (ഓർക്കുക) എന്ന അടയാളമാണ്. ഫാസിസത്തിന്റെ ക്രൂരതയ്ക്കും യുദ്ധത്തിന്റെ ഭീകരതയ്ക്കും എതിരെ ലോകത്തിന് നൽകുന്ന ഒരു ശാശ്വത മുന്നറിയിപ്പായി ഈ ഗ്രാമം ഇന്നും ഫ്രാൻസിന്റെ ഹൃദയത്തിൽ ഒരു കനൽ പോലെ എരിയുന്നു.

Summary

Oradour-sur-Glane is one of the most haunting crime sites of World War II, a French village where Nazi SS troops massacred 642 innocent civilians on June 10, 1944. Men were machine-gunned in barns, while women and children were locked inside a church that was blown up and set on fire. The entire village was then burned to erase every trace of life.

Related Stories

No stories found.
Times Kerala
timeskerala.com