
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലി വ്യോമാതിർത്തി അടച്ചിട്ടതിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ ജോർദാനിലേക്ക് മാറ്റി(Operation Sindhu). ഓപ്പറേഷൻ സിന്ധുവിന് കീഴിലുള്ള ദൗത്യത്തിൽ 160 ഇന്ത്യൻ പൗരന്മാരെയാണ് ഒഴിപ്പിച്ചത്. എംബസികളുടെ സംയുക്ത ശ്രമത്തിലാണ് നടപടി.
ടെൽ അവീവിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഷെയ്ഖ് ഹുസൈൻ പാലം വഴി സുരക്ഷിതമായാണ് ജോർദാനിലേക്ക് കടത്തിയത്. അമ്മാനിലെ ഇന്ത്യൻ എംബസിയാണ് ഒഴിപ്പിക്കപ്പെട്ടവരുടെ താമസവും ഗതാഗതവും ഏറ്റെടുതിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി അമ്മാനിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെൽ അവീവിലെ ഇന്ത്യൻ എംബസി നേരത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു. ഇതുവഴി ഇന്ത്യൻ പൗരന്മാരോട് ഒരു ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.