Wave Rock

 നിശ്ചലമായി തിരമാലകൾ! 270 കോടി വർഷത്തോളം പഴക്കമുള്ള തിരമാലകൾ, ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാറക്കൂട്ടങ്ങളിൽ ഒന്ന്; ആകാശം മുട്ടും വേവ് റോക്ക് |Wave Rock

Published on

കടലിൽ ഉയർന്നു പൊങ്ങുന്ന തിരമാലകളെ കാണാൻ എന്ത് രസമാണ് അല്ലെ. കാറ്റ് സമുദ്രോപരിതലത്തിൽ തട്ടുമ്പോൾ തൽഫലമായി തിരമാലകൾ രൂപപ്പെടുന്നു. കാറ്റിൻ്റെ ശക്തിയും വേഗതയും അനുസരിച്ചാണ് തിരമാലകളുടെ വലിപ്പവും ആകൃതിയും വ്യത്യസ്തപ്പെടുന്നത്. ഉയർന്നു പൊങ്ങിയ തിരമാലകൾ തിരികെ സമുദ്രത്തിൽ തന്നെ പതിക്കുന്നു. എന്നാൽ നിശ്ചലമായ തിരമാലകളെ കണ്ടിട്ടുണ്ടോ? കടലിൽ അല്ല മറിച്ച് കരയിലാണ് ഈ നിശ്ചലമായ തിരമാലകൾ ഉള്ളത്. കരയിലെ നിശ്ചലമായ തിരമാലകളോ? അതെ, അനങ്ങാത്ത ഈ തിരമാലകളെ കാണണമെങ്കിൽ ഓസ്‌ട്രേലിയ വരെ ഒന്ന് പോകേണ്ടി വരും.

പശ്ചിമ ഓസ്ട്രേലിയയിലെ ഹൈഡൻ (Hyden) എന്ന ചെറു പട്ടണത്തിന് സമീപമാണ് നിശ്ചലമായി തിരമാലകൾ അഥവാ വേവ് റോക്ക് (Wave Rock) സ്ഥിതിചെയ്യുന്നത്. ഒറ്റനോട്ടത്തിൽ കടലിൽ നിന്നും തിരമാലകൾ ഉയർന്നു വരുന്നതായേ തോന്നു, എന്നാൽ പേര് പോലെ തന്നെ തിരമാലയുടെ സാമ്യമുള്ള ഈ ഘടന കല്ലാണ്. ഏകദേശം 15 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള വേവ് റോക്ക് ഗ്രാനൈറ്റ് പാറക്കെട്ടാണ്. തിരമാലയെ പോലെയുള്ള പാറക്കെട്ടിന്റെ വക്രമാണ് ഇവിടേക്ക് സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നത്.

വർഷങ്ങളായുള്ള കാറ്റിന്‍റെയും മഴയുടെയും ഇടപെടലിന്റെ ഫലമായാണ് വേവ് റോക്ക് രൂപം കൊണ്ടത്. ഹൈഡൻ പട്ടണത്തിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ 'ഹൈഡൻ റോക്ക്' (Hyden Rock) എന്നും അറിയപ്പെടുന്നു. കാഴ്ച്ചയിൽ തിരമാലയെ പോലെ തോന്നും എങ്കിലും കടലിലെ തിരമാലകളെ പോലെയല്ല ഇവ, വേവ് റോക്ക് വർണ്ണശഭളമാണ്. മഞ്ഞ, ചുവപ്പ്, ചാരം എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സൂര്യപ്രകാശം ഇവയിൽ പതിക്കുന്നതിന് അനുസരിച്ച് നിറം മാറുന്നു. വൈകുന്നേരങ്ങളിൽ ഇവയെ കാണാൻ സ്വർണ്ണ നിറമാണ്. വർഷങ്ങളായി പാറക്കൂട്ടങ്ങൾക്ക് ഇടയിൽ അരങ്ങേറുന്ന ധാതുക്കളുടെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് വേവ് റോക്കിൽ നിറം മാറ്റം സംഭവിക്കുന്നത്.

ഏകദേശം 270 കോടി വർഷത്തോളം വേവ് റോക്കിന് പഴക്കമുള്ളതായി കണക്കാക്കുന്നു. ഇവയെ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാറക്കൂട്ടങ്ങളിൽ ഒന്നാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിക്കടിയിൽ ആരംഭിച്ച ഒരു മന്ദഗതിയിലുള്ള പ്രക്രിയയിലൂടെയാണ് തിരമാലയ്ക്ക് സാമ്യമായ രൂപം സൃഷ്ടിക്കപ്പെട്ടത്. മണ്ണിലൂടെയും പാറയിലൂടെയും വെള്ളം താഴേക്ക് ഒലിച്ചിറങ്ങി, കാലക്രമേണയുള്ള രാസ പ്രവർത്തനമാണ് ഗ്രാനൈറ്റിന്റെ അരികുകൾ വൃത്താകൃതിയിലാക്കുന്നു. പ്രകൃതിയിയുടെ ഒരു ഘടന എന്നതിലും ഉപരി ഓസ്ട്രേലിയയിലെ നൂങ്കാർ ജനത ആഴത്തിലുള്ള ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം വേവ് റോക്കിന് നൽകുന്നു. മഴവില്ല് സർപ്പമെന്ന ദൈവമാണ് വേവ് റോക്ക് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം.

ഇന്ന്, വേവ് റോക്ക് നേച്ചർ റിസർവിനുള്ളിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. 1964-ലെ ന്യൂയോർക്ക് വേൾഡ്സ് ഫെയറിൽ ഫോട്ടോഗ്രാഫർ ജെയിംസ് ഹോഡ്ജസ് പകർത്തിയ വേവ് റോക്കിന്റെ ചിത്രത്തിന് ശേഷമാണ് വേവ് റോക്ക് ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന്, ലോകപ്രശസ്ത മാഗസിനായ  നാഷണൽ ജിയോഗ്രാഫിയിൽ ജെയിംസ് പകർത്തിയ ചിത്രം പ്രസിദ്ധികരിച്ചിരുന്നു. വേവ് റോക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയാണ്. അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഇവിടം സന്ദർശിക്കുന്നതാകും ഉചിതം.

Times Kerala
timeskerala.com