പ്രേതാത്മാക്കൾ അലയുന്ന ആശുപത്രി! സിംഗപ്പൂരിലെ ഭീകരമായ പ്രേതാലയം; ഭയവും നിഗൂഢതയും നിറഞ്ഞ ഓൾഡ് ചാങ്ങി ഹോസ്പിറ്റൽ | Old Changi Hospital

രാത്രികാലങ്ങളിൽ വരാന്തകളിലൂടെ വെളുത്ത വസ്ത്രം ധരിച്ച ഒരു നഴ്സിന്റെ രൂപം
changi
Updated on

സിംഗപ്പൂരിലെ ചാങ്ങി മേഖലയിലായി, പച്ചപ്പുകൾക്കും, ആധുനികതയ്ക്കും ഇടയിലായി ഭീതിയുടെയും, നിഗൂഢതയുടെയും ഒരു പഴഞ്ചൻ കെട്ടിടം തലയുയർത്തി നിൽപ്പുണ്ട്. അതാണ് ഓൾഡ് ചാങ്ങി ഹോസ്പിറ്റൽ (Old Changi Hospital). സിംഗപ്പൂരിലെ ഏറ്റവും ഭീകരമായ ഇടങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ ഉപേക്ഷിക്കപ്പെട്ട ആശുപത്രി, ഭൂതകാലത്തിന്റെ ഇരുണ്ട ചരിത്രത്തിന്റെ നിഴലുകൾ പേറുന്ന ദുഃസ്വപ്നമായി നിലകൊള്ളുന്നു.

1935-ൽ, സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്താണ് ഈ കെട്ടിടസമുച്ചയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ചാംഗി പ്രദേശത്തെ സൈനിക ബേസ് ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ കെട്ടിടം. ആദ്യകാലങ്ങളിൽ റോയൽ എയർഫോഴ്സ് (RAF) ബാരക്സ്ന്റെ ഭാഗമായിരുന്നു ഈ കെട്ടിടം. പട്ടാളക്കാർക്ക് താമസിക്കാനും ചെറിയ രീതിയിലുള്ള ചികിത്സ നൽകാനുമുള്ള സൗകര്യങ്ങളായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തോടെയാണ് ഈ കെട്ടിടം തീർത്തും ഒരു ഭീകര രൂപം സ്വീകരിക്കുന്നത്. മഹായുദ്ധത്തിൽ സിംഗപ്പൂർ ജപ്പാന്റെ കൈവശമായതോടെയാണ് ഈ കെട്ടിടത്തിന്റെ പതനം ആരംഭിക്കുന്നത്. ജാപ്പനീസ് സൈന്യം ഈ കെട്ടിടം പിടിച്ചെടുത്ത് ചാങ്ങി ജയിൽ ക്യാമ്പിന്റെ ഭാഗമാക്കി മാറ്റി. യുദ്ധത്തടവുകാരെ പാർപ്പിക്കാനും ചികിത്സിക്കാനും വേണ്ടിയുള്ള താവളമായി ഇവിടം മാറി. എന്നാൽ ചികിത്സയുടെ മറവിൽ ഇവിടെ അരങ്ങേറിയത് ക്രൂര പീഡനങ്ങളായിരുന്നു. ജാപ്പനീസ് സൈന്യത്തിന്റെ രഹസ്യ പോലീസ് വിഭാഗമായ കെംപെറ്റൈ (Kempeitai) ഇവിടെ തടവുകാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന കിംവദന്തികൾ ശക്തമാണ്. ഒട്ടനവധി പേർ ഇവിടെ വച്ച് കൊല്ലപ്പെടുന്നു, അനേകങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ജാപ്പനീസ് ആധിപത്യത്തിൽ അരങ്ങേറിയ ക്രൂരകൃത്യങ്ങളാണ് ആശുപത്രിയുടെ പേടിപ്പെടുത്തുന്ന കഥകൾക്ക് പ്രധാന കാരണം.

ലോകമഹായുദ്ധത്തിന് ശേഷം ഈ കെട്ടിടം വീണ്ടും ബ്രിട്ടീഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലായി. അതോടെ ഇവിടം RAF ഹോസ്പിറ്റൽ ചാങ്ങി ആയി പ്രവർത്തനം ആരംഭിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ സിംഗപ്പൂർ സർക്കാരിന് ഈ കെട്ടിടം കൈമാറി. ശേഷം ചാങ്ങി ഹോസ്പിറ്റൽ എന്ന പേരിൽ ഒരു സാധാരണ പൗര ആശുപത്രിയായി പ്രവർത്തിച്ചു. വർഷങ്ങളോളം സിംഗപ്പൂരിലെ സാധാരണ ജനങ്ങൾക്ക് സേവനം നൽകിയ ശേഷം, പുതിയ ചാങ്ങി ജനറൽ ഹോസ്പിറ്റൽ നിർമ്മിച്ചതോടെ ഓൾഡ് ചാങ്ങി ഹോസ്പിറ്റലിന്റെ പ്രവർത്തനം 1997 ഡിസംബറിൽ പൂട്ടി. അന്നു മുതൽ ഇന്നുവരെ ഈ കെട്ടിടം പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇരുപതിലേറെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ, നിലവിൽ കെട്ടിടം ജീർണ്ണിച്ച അവസ്ഥയിലാണ്. പൊളിഞ്ഞ ചുവരുകളും, തകർന്ന ജനലുകളും, ചുറ്റും വളർന്നു പടർന്ന വള്ളിപ്പടർപ്പുകളും ഓൾഡ് ചാങ്ങി ഹോസ്പിറ്റലിന് പ്രേതഭവനത്തിന്റെ രൂപം നൽകി.

പ്രേതങ്ങളുടെ താവളം

ഓൾഡ് ചാങ്ങി ഹോസ്പിറ്റലിന്റെ കുപ്രസിദ്ധിക്ക് കാരണം ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസാധാരണ സംഭവ വികാസങ്ങളാണ്. സിംഗപ്പൂരിലെ പാരനോർമൽ പ്രേമികൾക്കും, സാഹസികർക്കും, യൂട്യൂബർമാർക്കും ഈ സ്ഥലം ഇഷ്ടകേന്ദ്രമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മരിച്ച സൈനികരുടെയും, പീഡനമേറ്റ തടവുകാരുടെയും, മുൻ രോഗികളുടെയും ആത്മാക്കൾ ഇവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. പലരും ഇവിടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രെ. രാത്രികാലങ്ങളിൽ വരാന്തകളിലൂടെ വെളുത്ത വസ്ത്രം ധരിച്ച ഒരു നഴ്സിന്റെ രൂപം ഒഴുകി നീങ്ങുന്നത് കണ്ടതായി ആളുകൾ പറയുന്നു.

രാത്രികളിൽ ഇവിടെ നിന്ന് കരച്ചിലുകൾ, നിലവിളികൾ, നേർത്ത സംസാരങ്ങൾ, വീൽചെയർ ഉരുളുന്ന ശബ്ദം എന്നിവ കേൾക്കാറുണ്ടെന്ന് സമീപവാസികളും മുൻ ജീവനക്കാരും പറയുന്നു. കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നവർക്ക് കടുത്ത ഭയവും, നെഗറ്റീവ് ഊർജ്ജവും, ശ്വാസം മുട്ടുന്ന അനുഭവവും ഉണ്ടാകാറുണ്ടെന്ന് പാരനോർമൽ അന്വേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലിന്റെ ഇരുണ്ട ഭൂതകാലവും, പ്രത്യേകിച്ച് കെംപെറ്റൈയുടെ പീഡനമുറകൾ നടന്നുവെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളും, ഈ പ്രേതകഥകൾക്ക് കൂടുതൽ ശക്തി പകരുന്നു.

Summary

The Old Changi Hospital is notorious as Singapore's most haunted site, originally built in 1935 as a British military barracks before serving as a prison and possible torture center under the Japanese Kempeitai during World War II. Abandoned since 1997, the dilapidated building is shrouded in tales of restless spirits of soldiers, nurses, and tormented prisoners, contributing to its grim reputation.

Related Stories

No stories found.
Times Kerala
timeskerala.com