

ഇസ്താംബൂൾ: തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിന് സമീപം കരിങ്കടലിൽ റഷ്യയുടെ 'ഷാഡോ ഫ്ലീറ്റിൽ' പെട്ട രണ്ട് എണ്ണ ടാങ്കറുകളിൽ സ്ഫോടനമുണ്ടായി. ഇതേ തുടർന്ന് എണ്ണ ടാങ്കറുകളിൽ വൻ തീപിടിത്തമുണ്ടായി. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതായി തുർക്കി അധികൃതർ അറിയിച്ചു. (Oil Tanker Blast)
ആദ്യം അപകടമുണ്ടായ 274 മീറ്റർ നീളമുള്ള 'കൈറോസ്' എന്ന ടാങ്കറിന് ഈജിപ്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ തീപിടിക്കുകയും 28 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ കരിങ്കടലിൽ, ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ, രണ്ടാമത്തെ ടാങ്കറായ വിരാട്ടിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് വന്നു. എഞ്ചിൻ റൂമിൽ കനത്ത പുക കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന 20 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അപകടം കാരണം വ്യക്തമല്ലെങ്കിലും, കപ്പലുകൾക്ക് ബാഹ്യമായ ആഘാതം ഏറ്റിരിക്കാനാണ് സാധ്യതയെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോഗ്ലു പറഞ്ഞു. മൈനുകൾ, മിസൈലുകൾ, അല്ലെങ്കിൽ ആളില്ലാ മറൈൻ ഡ്രോണുകൾ എന്നിവയാകാം ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ലെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങൾക്ക് വിധേയരായ കപ്പലുകളുടെ പട്ടികയിൽ ഉൾപ്പെട്ടവയാണ് കൈറോസും വിരാട്ടും. ഈ കപ്പലുകൾ ഇൻഷുറൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന 'ഡാർക്ക് ഫ്ലീറ്റിൻ്റെ' ഭാഗമാണെന്ന് ഷിപ്പിംഗ് ഏജൻസിയായ ട്രൈബെക്ക പറയുന്നു. കരിങ്കടലിൽ നേരത്തെയും മൈനുകൾ തീരത്തടിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. നിലവിൽ ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് തടസ്സമില്ലെന്നും തുർക്കി അധികൃതർ അറിയിച്ചു.
Two sanctioned oil tankers belonging to Russia's "shadow fleet" were hit by explosions and fire in the Black Sea near Turkey's Bosphorus Strait. The 274-meter-long tanker 'Kairos' caught fire 28 nautical miles off the Turkish coast while en route to Russia, and all 25 crew members were safely rescued. Shortly after, the second tanker, 'Virat', reported being struck further east, but its 20 crew members were also reported safe despite heavy smoke in the engine room.