വാഷിങ്ടൻ: ആണവക്കരാർ ചർച്ചകൾ തുടരവേ ഇറാനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾക്കായുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ സൈനിക നടപടികളിൽ നിന്ന് യുഎസ് പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആണവക്കരാർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന ഇറാന്റെ ആരോപണത്തിനായിരുന്നു ട്രംപിന്റെ മറുപടി. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തീർച്ചയായും അങ്ങനെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസിനെ ഇറാൻ പറ്റിക്കുകയാണെന്നാണെന്നു യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ശനിയാഴ്ച ഒമാനിൽ നടന്ന ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ആണവായുധം എന്ന ആശയം ഇറാൻ ഒഴിവാക്കണമെന്നും അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നുമാണ് യുഎസ് കമാൻഡർ-ഇൻ-ചീഫ് പറഞ്ഞത്. അതേസമയം യുഎസിന്റെ ആരോപണങ്ങളെ തള്ളി ഇറാൻ രംഗത്തെത്തി. ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് ഇറാന്റെ നിലപാട്.
യുഎസ് – ഇറാൻ ആണവക്കരാറിലെ രണ്ടാംഘട്ട ചർച്ച ശനിയാഴ്ച ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ വച്ച് നടക്കുമെന്നാണ് റിപ്പോർട്ട്.