ധാക്ക: ബംഗ്ലാദേശ് യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ് വീഡിയോ സന്ദേശവുമായി രംഗത്ത്. താൻ നിലവിൽ ദുബായിലാണെന്നും കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് മസൂദ് വീഡിയോയിൽ അവകാശപ്പെടുന്നത്. പ്രതികൾ ഇന്ത്യയിലേക്ക് കടന്നുവെന്നും ഇന്ത്യ ഇവർക്ക് അഭയം നൽകുന്നുവെന്നുമുള്ള ബംഗ്ലാദേശിന്റെ ആരോപണങ്ങൾക്കിടെയാണ് ഈ പുതിയ നീക്കം.(Not in India, I am in Dubai, I had no role in the murder, Man denies allegations in Osman Hadi murder case )
കൊലപാതകത്തിന് പിന്നാലെ തനിക്കെതിരെ കെട്ടിച്ചമച്ച കേസുകൾ കാരണമാണ് ദുബായിലേക്ക് വരേണ്ടി വന്നതെന്ന് മസൂദ് പറയുന്നു. മൾട്ടിപ്പിൾ എൻട്രി വിസ ഉണ്ടായിട്ടും വളരെ കഷ്ടപ്പെട്ടാണ് ദുബായിലെത്തിയതെന്നും ഇയാൾ അവകാശപ്പെടുന്നു. ഐടി കമ്പനി നടത്തുന്ന താൻ ഒരു ജോലിക്കാര്യത്തിനായാണ് ഹാദിയെ കാണാൻ പോയത്. ജോലി വാഗ്ദാനം ചെയ്ത ഹാദിക്ക് 5 ലക്ഷം ടാക്ക മുൻകൂറായി നൽകിയിരുന്നുവെന്നും മസൂദ് വീഡിയോയിൽ പറയുന്നു.
കേസിന്റെ പേരിൽ ബംഗ്ലാദേശ് അധികൃതർ തന്റെ കുടുംബത്തെ ഉപദ്രവിക്കുകയാണെന്നും ഇത് നീതീകരിക്കാനാവില്ലെന്നും ഇയാൾ ആരോപിക്കുന്നു. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ ഉസ്മാൻ ഷെരീഫ് ഹാദിക്ക് ഡിസംബർ 12-നാണ് ധാക്കയിൽ വെച്ച് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. പ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ബംഗ്ലാദേശ് പോലീസിന്റെ ഔദ്യോഗിക നിലപാട്. ഇവരെ വിട്ടുനൽകാൻ ഇന്ത്യയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു.