

പ്യോങ്യാങ്: റഷ്യയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനിക എഞ്ചിനീയറിംഗ് യൂണിറ്റിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ (Kim Jong Un) സ്വീകരണം നൽകി. കൊറിയൻ പീപ്പിൾസ് ആർമിയുടെ (KPA) 528-ാമത് എഞ്ചിനീയർ റെജിമെൻ്റിലെ ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് കിം അഭിനന്ദിച്ചത്. റഷ്യയുടെ കുർസ്ക് (Kursk) മേഖലയിൽ 120 ദിവസത്തെ വിദേശ ദൗത്യം പൂർത്തിയാക്കിയ ഇവർ "വീരോചിത"മായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കിം പറഞ്ഞു.
റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിൽ യുക്രെയ്ൻ്റെ വലിയ ആക്രമണം തടയാൻ സഹായിച്ച ഉത്തര കൊറിയൻ സൈനികർ ഇപ്പോൾ ഈ പ്രദേശം മൈനുകൾ നീക്കം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ദൗത്യത്തിനിടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി കിം ജോങ് ഉൻ അറിയിച്ചു. ഈ നഷ്ടം ഹൃദയഭേദകമാണ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, റെജിമെൻ്റിന് 'ഓർഡർ ഓഫ് ഫ്രീഡം ആൻഡ് ഇൻഡിപെൻഡൻസ്' പുരസ്‌കാരം നൽകുമെന്നും പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ഒമ്പത് പേർക്ക് 'ഹീറോ ഓഫ് ദി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ' എന്ന പദവിയും മറ്റ് സംസ്ഥാന ബഹുമതികളും നൽകി. പ്യോങ്യാങ്ങിൽ വെച്ചായിരുന്നു സ്വീകരണ ചടങ്ങ്. വീൽച്ചെയറിൽ ഇരിക്കുന്ന ഒരു സൈനികനെ കിം ആലിംഗനം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ഉത്തര കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
North Korean leader Kim Jong Un hosted a welcoming ceremony for the 528th Regiment of Engineers of the Korean People's Army (KPA) who returned after completing a 120-day mission in Russia's Kursk region.