സോൾ: ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം റിപ്പോർട്ട് ചെയ്തു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ ദക്ഷിണ കൊറിയയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഉത്തര കൊറിയയുടെ ഈ നടപടി.(North Korea reportedly tests ballistic missile again)
അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. പ്യോങ്യാങ്ങിന് തെക്കുനിന്നുള്ള പ്രദേശത്തുനിന്നാണ് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്. ഇവ വടക്കുകിഴക്കൻ മേഖലയിലേക്ക് ഏകദേശം 350 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതായും മിസൈലുകൾ കടലിൽ പതിച്ചിട്ടില്ലെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പുറത്തുവിട്ടിട്ടില്ല. അതേസമയം, യു.എസുമായുള്ള സൈനിക സഖ്യത്തിന്റെ കരുത്തിൽ ഉത്തര കൊറിയയുടെ ഏതു രീതിയിലുള്ള പ്രകോപനവും നേരിടാൻ തങ്ങൾ സജ്ജമാണെന്നും ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എസുമായും ദക്ഷിണ കൊറിയയുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ജപ്പാനിലെ പുതിയ പ്രധാനമന്ത്രി സനെ തകൈച്ചി അറിയിച്ചു.