

സിയോൾ: കിഴക്കൻ തീരത്ത് നിന്ന് കടലിലേക്ക് ഉത്തരകൊറിയ ഒരു തിരിച്ചറിയാത്ത ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും വെള്ളിയാഴ്ച (നവംബർ 7, 2025) സ്ഥിരീകരിച്ചു. വിക്ഷേപണം സ്ഥിരീകരിച്ച ജാപ്പനീസ് സർക്കാർ, മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് പതിച്ചതായും വിമാനങ്ങൾക്കോ കപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അറിയിച്ചുവെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സാനെ തകായിച്ചി മാധ്യമങ്ങളോട് പറഞ്ഞത്. വിക്ഷേപണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം പുറത്തുവിട്ടിട്ടില്ല.
സിയോൾ ആസ്ഥാനമായുള്ള യോൻഹാപ്പ് റിപ്പോർട്ട് പ്രകാരം, ദക്ഷിണ കൊറിയ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആ രാജ്യ സന്ദർശനത്തിനും മുന്നോടിയായി ഒക്ടോബർ 22 ന് വടക്കുകിഴക്കൻ ദിശയിലേക്ക് അവസാനമായി ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപ്പിച്ചിരുന്നു. കൂടാതെ, യു.എസ്. ഭരണകൂടം അടുത്തിടെ ഉത്തര കൊറിയയിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളെ ശക്തമായി നേരിടുമെന്ന് പ്യോങ്‌യാങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മിസൈൽ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി നിയമവിരുദ്ധമായ സൈബർ പ്രവർത്തനങ്ങളിലൂടെ മോഷ്ടിച്ച പണം വെളുപ്പിച്ചതിന് എട്ട് ഉത്തരകൊറിയൻ വ്യക്തികൾക്കും രണ്ട് സ്ഥാപനങ്ങൾക്കും മേൽ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉത്തരകൊറിയൻ കൽക്കരി, ഇരുമ്പയിര് എന്നിവ കടത്തുന്നതിനായി ഏഴ് കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തങ്ങളുടെ ഭരണകൂടത്തിനെതിരായ ഏത് ആക്രമണത്തെയും തടയുന്നതിന് തങ്ങളുടെ മിസൈൽ, ആണവ പദ്ധതികൾ നിർണായകമാണെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക നിലപാട്.
Summary: North Korea fired an unidentified ballistic missile into the East Sea on Friday, confirmed by both South Korea and Japan, with no damage reported outside Japan's exclusive economic zone.