

സ്റ്റോക്ക്ഹോം: ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും നോബൽ സമാധാന സമ്മാന ജേതാവുമായ നർഗസ് മുഹമ്മദിയെ (Narges Mohammadi) അതിക്രൂരമായ രീതിയിൽ ഇറാനിൽ അറസ്റ്റ് ചെയ്തതായി നോർവീജിയൻ നോബൽ കമ്മിറ്റി. നർഗസയെ ഉടൻ മോചിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 2023-ലാണ് ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും വധശിക്ഷ നിർത്തലാക്കുന്നതിനും വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തിയ പോരാട്ടങ്ങൾക്ക് നർഗസ് മുഹമ്മദിക്ക് നോബൽ സമാധാന സമ്മാനം ലഭിച്ചത്.
ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയതടക്കമുള്ള നിരവധി കേസുകളിൽ അവർ മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വൈദ്യചികിത്സയ്ക്കായി കഴിഞ്ഞ വർഷാവസാനം ടെഹ്‌റാനിലെ എവിൻ ജയിലിൽ നിന്ന് അവരെ മോചിപ്പിച്ചിരുന്നു. മുഹമ്മദി ഇപ്പോൾ എവിടെയാണ് എന്ന് ഉടൻ വ്യക്തമാക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ഉപാധികളില്ലാതെ അവരെ മോചിപ്പിക്കണമെന്നും നോർവീജിയൻ നോബൽ കമ്മിറ്റി ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടു. ഈ വർഷത്തെ നോബൽ സമ്മാനം വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ ഏറ്റുവാങ്ങാൻ നോർവേയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് മുഹമ്മദിയുടെ അറസ്റ്റ് എന്നതും നോബൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
The Norwegian Nobel Committee has condemned the "brutal" arrest of Iranian human rights activist and 2023 Nobel Peace Prize laureate, Narges Mohammadi, in Iran, demanding her immediate and unconditional release