

ചിക്കാഗോ: ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായ ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു അദ്ദേഹത്തിന്.
ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡി.എൻ.എയുടെ പിരിയൻ ഗോവണി അഥവാ ഡബിൾ ഹീലിക്സ് ഘടന വാട്സൺ കണ്ടെത്തിയത്. വെറും 24-ാം വയസിലാണ് അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.ഈ വിപ്ലവകരമായ കണ്ടുപിടിത്തത്തിന് 1962-ൽ ഇരുവരും വൈദ്യശാസ്ത്ര നോബേൽ സമ്മാനം പങ്കിട്ടെടുത്തു.വൈദ്യശാസ്ത്ര മേഖലയിലും ഫോറൻസിക് ശാസ്ത്രത്തിലും (കുറ്റവാളികളെ കണ്ടെത്തൽ) പുതിയ യുഗം തുറന്ന ഈ കണ്ടുപിടിത്തം, ജനിതക ഘടനയിൽ മാറ്റം വരുത്തുക, ജീൻ തെറാപ്പി, മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്ക് വഴിയൊരുക്കി.
ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിൽ വാട്സൺ നടത്തിയ ചില വിവാദ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള വിമർശനത്തിന് വഴിവെച്ചിരുന്നു. കറുത്ത വർഗ്ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ പരാമർശം ഇതിൽ പ്രധാനമാണ്. ഈ പ്രസ്താവന കാരണം അദ്ദേഹം ശാസ്ത്ര ലോകത്ത് നിന്ന് വലിയ വിമർശനം ഏറ്റുവാങ്ങി.ശാസ്ത്രത്തിന് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾക്കൊപ്പം, അവസാന കാലഘട്ടത്തിലെ വിവാദങ്ങൾ ജെയിംസ് വാട്സൻ്റെ വ്യക്തിജീവിതത്തിലെ കറുത്ത ഏടായി നിലനിൽക്കുന്നു.