ഇസ്ലാമാബാദ്: പാകിസ്താൻ്റെ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്നും ഉടൻ തന്നെ ഐ.എം.എഫ് സഹായമില്ലാതെ മുന്നോട്ട് പോകാൻ രാജ്യത്തിന് കഴിയുമെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.(No need to depend on IMF, Pakistan minister says defence exports will increase)
2025 മേയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സൈനിക സംഘർഷത്തിന് ശേഷം പാക് സൈനികോപകരണങ്ങൾക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഏറിയെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ്റെ സൈനിക മികവ് കണ്ടറിഞ്ഞ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ പ്രതിരോധ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിരോധ മേഖലയിൽ നിന്നുള്ള ഈ വരുമാനം വഴി ഐ.എം.എഫിൻ്റെ കടുത്ത നിബന്ധനകളുള്ള വായ്പകൾ ഒഴിവാക്കാൻ പാകിസ്താന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അവകാശവാദങ്ങൾ വെറും പച്ചക്കള്ളമാണെന്ന് പാക് രാഷ്ട്രീയ തന്ത്രജ്ഞയായ ആയിഷ സിദ്ദീഖ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താൻ അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുന്ന JF-17 തണ്ടർ യുദ്ധവിമാനങ്ങളുടെ എയർഫ്രെയിമിൻ്റെ 58% മാത്രമാണ് പാകിസ്താനിൽ നിർമ്മിക്കുന്നത്. ഇതിലെ എൻജിൻ റഷ്യൻ നിർമ്മിതമാണ്. വിമാന വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിൻ്റെ വലിയൊരു പങ്കും ചൈനയ്ക്കാണ് ലഭിക്കുന്നത്. പാകിസ്താൻ്റെ ആകെ കടം ഏകദേശം 81 ട്രില്യൺ പാകിസ്താൻ രൂപ (300 ബില്യൺ ഡോളർ) ആണ്. ഇതിൽ 26 ട്രില്യൺ വിദേശ കടമാണ്. ദേശീയ വിമാനക്കമ്പനിയായ പി.ഐ.എ (PIA) പോലും സാമ്പത്തിക പ്രതിസന്ധി കാരണം വിറ്റഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവനയെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.