വാഷിങ്ടൺ: വെനസ്വേലയുടെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യോഗ്യനായ ഒരു നേതാവിനെ കണ്ടെത്തും വരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ പ്രസ്താവനയെ തിരുത്തുന്നതാണ് റൂബിയോയുടെ വിശദീകരണം. നടന്നത് അധിനിവേശമല്ലെന്നും നിയമപാലനത്തിന്റെ ഭാഗമായുള്ള നടപടി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(No intention to rule Venezuela, the fight is against the drug mafia, Marco Rubio on Trump's statement)
അമേരിക്കയുടെ പോരാട്ടം വെനസ്വേലയോടല്ല, മറിച്ച് ലഹരിക്കടത്ത് സംഘങ്ങളോടാണ്. നിലവിലെ ഉപരോധങ്ങൾ തുടരുന്നതിലൂടെ ലഹരി മാഫിയക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം. ഇത് മിഡിൽ ഈസ്റ്റിലെ ഇടപെടലുകൾ പോലെയല്ലെന്നും ദൗത്യം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു.
അമേരിക്കൻ നടപടികൾ വെനസ്വേലയിലെ ജനങ്ങളെ മികച്ച ഭാവിയിലേക്ക് നയിക്കുമെന്നും, വെനസ്വേലയുടെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസ് കടുത്ത നിലപാടുമായി രംഗത്തെത്തി. ഒരു രാജ്യത്തിന്റെയും കോളനിയാകാൻ വെനസ്വേല തയ്യാറല്ലെന്ന് അവർ വ്യക്തമാക്കി. ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്കൻ കമ്പനികളെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
ന്യൂയോർക്കിലെ ജയിലിൽ നിന്നുള്ള വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവന്നു. ശനിയാഴ്ച രാത്രി നടന്ന സൈനിക നീക്കത്തിലൂടെയാണ് മഡൂറോയും ഭാര്യയും പിടിയിലായത്. ജയിൽ അധികൃതർക്ക് നടുവിൽ പതറാത്ത ചിരിയോടെ, 'തംപ്സ് അപ്' മുദ്ര കാണിച്ചിരിക്കുന്ന മഡൂറോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. മഡൂറോയെ നിലവിൽ ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.