

നൈജീരിയയിൽ സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോകുന്നത് തുടര്കഥയായിരിക്കുകയാണ് (Nigeria Kidnapping). ഈ അതിക്രമങ്ങൾക്ക് പിന്നിൽ ആരാണ് എന്തിനു വേണ്ടിയാണു എന്ന് ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. നൈജർ സംസ്ഥാനത്തിലെ സെൻ്റ് മേരീസ് കാത്തലിക് സ്‌കൂളിൽ നിന്ന് 303 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും പരസ്യമായി ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളാണ് ഇതിന് പിന്നിൽ എന്ന് കരുതപ്പെടുന്നു.
കുട്ടികളെ ലക്ഷ്യമിടുന്നതിൻ്റെ കാരണം
സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് അക്രമിസംഘങ്ങൾ കുട്ടികളെയും സ്കൂളുകളെയും ലക്ഷ്യമിടുന്നത്. ഈ സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോയ കുട്ടികളെയും ജീവനക്കാരെയും ആഴ്ചകളോ മാസങ്ങളോ തടവിലിടുകയും അവരുടെ കുടുംബങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ വൻതുക മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ തുക ലക്ഷക്കണക്കിന് ഡോളറുകൾ വരെയാകാം.
ബോർഡിംഗ് സ്കൂളുകളാണ് സായുധ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. കാരണം, വിദൂര ബോർഡിംഗ് സ്കൂളുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷാ ജീവനക്കാരോ ഉണ്ടാകില്ല. അതിനാൽ തന്നെ എളുപ്പത്തിൽ കുട്ടികളെ കിഴ്പ്പെടുത്താൻ സാധിക്കും. കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുമ്പോൾ ദേശീയ അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പൊതുജന രോഷവും ഉണ്ടാകുന്നു. ഇത് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഉയർന്ന മോചനദ്രവ്യം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സെൻ്റ് മേരീസ് ഒരു കത്തോലിക്കാ സ്കൂളായതിനാൽ മതപരമായ ലക്ഷ്യങ്ങൾ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, തട്ടിക്കൊണ്ടു പോകലുകൾ ഭൂരിഭാഗവും സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ക്രിമിനൽ നടപടികളാണ് എന്ന് കരുതപ്പെടുന്നു. തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നവരിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.
സെൻ്റ് മേരീസ് സ്കൂളിൽ (നൈജർ സംസ്ഥാനം) വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 303 കുട്ടികളെയും 12 അധ്യാപകരെയും ആണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിൽ 50 കുട്ടികൾ രക്ഷപ്പെട്ടിരുന്നു. നിലവിൽ 253 കുട്ടികളും 12 അധ്യാപകരും തടവിലാണ്. സെൻ്റ് മേരീസ് സ്കൂളിൽ നിന്നും കുട്ടികളെ തട്ടി കൊണ്ട് പോകുന്നതിനു ഏതാനം ദിവസങ്ങൾക്ക് മുമ്പ് അയൽ സംസ്ഥാനമായ കെബ്ബിയിലെ ഗേൾസ് സ്കൂളിൽ നിന്ന് 25 വിദ്യാർത്ഥിനികളെയും തട്ടിക്കൊണ്ടുപോയിരുന്നു. 2014-ലെ ചിബോക്ക് സ്കൂളിൽ നിന്ന് ബൊക്കോ ഹറാം 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. 12 വർഷങ്ങൾക്കിപ്പുറവും 90-ഓളം പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 2014 മുതൽ ഇതുവരെയായി 1,400-ൽ അധികം നൈജീരിയൻ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
Armed groups in northwestern and central Nigeria continue to abduct schoolchildren mainly for ransom, targeting remote boarding schools with weak security. The recent attack on St. Mary’s Catholic School in Niger State saw 303 students and 12 teachers kidnapped, with 253 children and all 12 teachers still held captive. Since the 2014 Chibok abductions, over 1,400 Nigerian students have been kidnapped, making school attacks a persistent national crisis.