

അബുജ: നൈജീരിയയിൽ വീണ്ടും സായുധ സംഘത്തിന്റെ ക്രൂരത. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്ത് മൂന്ന് ആരാധനാലയങ്ങളിൽ നിന്നായി 150-ഓളം പേരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ഖജുരാ മേഖലയിൽ ഞായറാഴ്ചയാണ് ഒരേസമയം മൂന്നിടങ്ങളിൽ ആക്രമണം നടന്നത്.
ആരാധനാലയങ്ങളിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ അക്രമി സംഘം അതിക്രമിച്ച് കയറുകയും തോക്കിൻമുനയിൽ വിശ്വാസികളെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. പ്രദേശത്ത് ഭീതി പടർത്തിക്കൊണ്ട് വളരെ പെട്ടെന്നായിരുന്നു ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
നൈജീരിയയുടെ വടക്കൻ മേഖലകളിൽ മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.