US പിടിയിലായ നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും: വെനസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ആക്ടിങ് പ്രസിഡൻ്റ് | Nicolás Maduro

അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തം
US പിടിയിലായ നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും: വെനസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ആക്ടിങ് പ്രസിഡൻ്റ് | Nicolás Maduro
Updated on

ന്യൂയോര്‍ക്ക്: നാടകീയ നീക്കങ്ങളിലൂടെ അമേരിക്കന്‍ സൈന്യം പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിച്ച ഇവരെ കടുത്ത സുരക്ഷാ വലയത്തിലാണ് കോടതിയിലേക്ക് കൊണ്ടുപോവുക.(Nicolás Maduro and his wife, who were detained in the US, will appear in court today)

അമേരിക്കയിലേക്ക് വൻതോതിൽ ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചു എന്ന ഗുരുതരമായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെനസ്വേലയില്‍ ഭരണമാറ്റം പൂര്‍ണ്ണമാകുന്നതുവരെ രാജ്യം തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വെനസ്വേലയിലെ എണ്ണപ്പാടങ്ങള്‍ അമേരിക്ക പിടിച്ചെടുക്കുമെന്നും, തകര്‍ന്നുകിടക്കുന്ന എണ്ണവ്യവസായം പുനസ്ഥാപിക്കാന്‍ പ്രമുഖ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം, രാജ്യത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു. ഡെല്‍സിയുടെ നിയമനത്തിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അമേരിക്കന്‍ നടപടി അപകടകരമായ കീഴ് വഴക്കം സൃഷ്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. അമേരിക്കന്‍ ആക്രമണത്തെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അപലപിച്ചു. വെനസ്വേല സ്വതന്ത്രമായി തുടരണമെന്നും വെനസ്വേലന്‍ ജനതയുടെ നന്മ വിജയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. വെനസ്വേലയ്ക്ക് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കു നേരെയും ട്രംപ് കടുത്ത ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ലാറ്റിന്‍ അമേരിക്കന്‍ മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com