

ന്യൂയോർക്ക്: മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിൽ ഹാജരാക്കി. മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ (MDC) കഴിഞ്ഞിരുന്ന ഇരുവരെയും കനത്ത സുരക്ഷാ അകമ്പടിയോടെയാണ് കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധ ഇടപാട് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മദൂറോയ്‌ക്കെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്.
ഹെലികോപ്റ്ററിൽ എത്തിച്ച മദൂറോയെയും ഭാര്യയെയും സായുധ സൈന്യത്തിന്റെ കാവലിൽ കവചിത ട്രക്കിലേക്കാണ് മാറ്റിയത്. ടാൻ നിറമുള്ള ജാക്കറ്റും പാന്റും ധരിച്ച്, കൈകൾ ബന്ധിച്ച നിലയിലായിരുന്നു മദൂറോ. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30-ഓടെ ഇരുവരെയും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കും.
അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. വെനസ്വേലയിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഏകപക്ഷീയമായ ആക്രമണം നടത്തിയെന്ന ആരോപണത്തിലാണ് ചർച്ച.
സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും വെനസ്വേലയുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. യുഎൻ ചാർട്ടർ ലംഘിച്ചുകൊണ്ട് അമേരിക്ക വെനസ്വേലയിൽ ക്രൂരമായ ആക്രമണം നടത്തിയെന്ന് കാണിച്ച് വെനസ്വേല കത്തയച്ചു. വെനസ്വേലൻ ഭരണകൂടത്തെ അട്ടിമറിച്ച് നിക്കോളാസ് മദൂറോയെ പിടികൂടിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.