
കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ന്യൂസിലാൻഡ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക ചെമ്മരിയാടുകളാകും. നോക്കെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന മലയോരങ്ങളിൽ വെള്ളപ്പൊട്ടുകൾ പോലെ കൂട്ടമായി കാണുന്ന ചെമ്മരിയാടുകൾ. ചെമ്മരിയാടുകളെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് ന്യൂസിലാൻഡിൽ മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളാണ് ഉള്ളത് എന്ന്. മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളോ? കേട്ടത് ശെരിയാണ് ഇവിടെ അംഗബലം കൂടുതൽ ചെമ്മരിയാടുകൾക്കാണ്. (New Zealand’s Sheep Story)
ചെമ്മരിയാടുകളും മനുഷ്യരും
വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രങ്ങളിൽ ആറാം സ്ഥാനത്താണ് ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയുടെ കിഴക്ക് ടാസ്മാൻ കടലിനു കുറുകെയും ന്യൂ കാലിഡോണിയ, ഫിജി, ടോംഗ ദ്വീപുകൾക്ക് തെക്കുമായാണ് ന്യൂസിലൻഡിന്റെ സ്ഥാനം. 2024ലെ വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 53 ലക്ഷം മനുഷ്യരാണ് ന്യൂസിലാൻഡിൽ വസിക്കുന്നത്. എന്നാൽ ചെമ്മരിയാടുകളുടെ എണ്ണം എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. രണ്ട് കോടിയിൽ അധികം ചെമ്മരിയാടുകൾ ആണ് ന്യൂസിലാൻഡിൽ ഉള്ളത്. ചുരുക്കത്തിൽ ന്യൂസിലാൻഡിൽ ഒരു പൗരന് അഞ്ച് ചെമ്മരിയാടുകൾ എന്ന നിലയിലാണ് ഈ കണക്ക്. ഈ കണക്കു കേട്ട് ഞെട്ടേണ്ട മുൻകാലങ്ങളിലെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ അനുതാപമാണ്.
1980 കളിൽ ഏഴ് കോടിയോളം ചെമ്മരിയാടുകൾ ആണ് ന്യൂസിലാൻഡിൽ ഉണ്ടായിരുന്നത്. ഒരു വ്യക്തിക്ക് 22 ആടുകൾ എന്ന നിലയിലായിരുന്നു അന്ന് അനുതാപം. എന്നാൽ 1990 കളോടെ ചെമ്മരിയാടുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2000 ത്തിലെ കണക്കുകൾ പ്രകാരം നാലു കോടി ചെമ്മരിയാടുകൾ ആണ് ഈ ദീപ രാഷ്ട്രത്തിൽ ഉണ്ടായിരുന്നത്. 2022 ആയപ്പോഴേക്കും ചെമ്മരിയാടുകളുടെ എണ്ണം വീണ്ടും കുറയുന്നു, അതോടെയാണ് ഒരു വ്യക്തിക്ക് നാലു മുതൽ അഞ്ച് ആടുകൾ എന്ന അനുപാതത്തിൽ എത്തുന്നത്. ഓരോ വർഷം കടന്നുപോകും തോറും ന്യൂസിലാൻഡിലെ ചെമ്മരിയാടുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു.
എന്തുകൊണ്ട് ന്യൂസിലൻഡിൽ ഇത്രയധികം ചെമ്മരിയാടുകൾ
ന്യൂസിലാൻഡിൽ മനുഷ്യനെക്കാൾ ചെമ്മരിയാളുകളുടെ സംഖ്യ കൂടുവാനുള്ള പ്രധാന കാരണം ഇവിടുത്തെ ഭൂമിശാസ്ത്രം തന്നെയാണ്. വിശാലമായ പുൽമേടുകളും, മിതശീതോഷ്ണ കാലാവസ്ഥയും ചെമ്മരിയാടുകൾക്ക് സുഖമായി വളരുവാനുള്ള അവസ്ഥയൊരുക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ കുടിയേറ്റക്കാരാണ് ചെമ്മരിയാടുകളെ ആദ്യമായി ന്യൂസിലാൻഡിലേക്ക് കൊണ്ടുവരുന്നത്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ചെമ്മരിയാടുകളുടെ എണ്ണം മനുഷ്യരെ കടത്തിവെട്ടി. മാംസം വിൽപന, കമ്പിളി എന്നിവയുടെ ഉത്പാദനത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമായി ചെമ്മരിയാടുകൾ മാറിയിരുന്നു. ഒരുകാലത്ത് കമ്പിളി കയറ്റുമതിയിൽ ന്യൂസിലാൻഡ് മുൻപന്തിയിലായിരുന്നു.
Summary: New Zealand is famously known as the country with more sheep than people. The sheep population, at over 23 million, still significantly outnumbers the human population of roughly 5.3 million.