വാഷിങ്ടൺ: ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള സൊഹ്‌റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തിൽ അൽപം നഷ്ടം സംഭവിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. മംദാനിയുടെ വിജയം ന്യൂയോർക്കിനെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റുമെന്നും, ന്യൂയോർക്ക് നിവാസികൾ ഫ്ലോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(New York will become communist Cuba, Trump on Zohran Mamdani's victory)
മയാമിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പ്രതികരണം. "2024 നവംബർ അഞ്ചാം തീയതി അമേരിക്കയിലെ ജനങ്ങൾ ഞങ്ങളുടെ സർക്കാരിനെ ഉത്തരവാദിത്തം ഏൽപ്പിച്ചു. ഞങ്ങൾ നമ്മുടെ പരമാധികാരത്തെ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രാത്രി, ന്യൂയോർക്കിൽ നമുക്ക് നമ്മുടെ പരമാധികാരത്തിൽ അൽപം നഷ്ടമുണ്ടായി. പക്ഷേ സാരമില്ല, നമ്മൾ അക്കാര്യം ശ്രദ്ധിക്കും." - ട്രംപ് പറഞ്ഞു.
യുഎസ് കോൺഗ്രസ് അംഗങ്ങളായ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ അമേരിക്കയോട് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അറിയണമെങ്കിൽ ന്യൂയോർക്കിലെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നോക്കണമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവർ ഒരു കമ്മ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
"നമ്മുടെ എതിരാളികൾ അമേരിക്കയെ കമ്മ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണെന്ന് ഞാൻ പല വർഷങ്ങളായി മുന്നറിയിപ്പ് നൽകുന്നതാണ്. നോക്കൂ അവിടങ്ങളിലെല്ലാം എന്താണ് സംഭവിച്ചതെന്ന്," ട്രംപ് പറഞ്ഞു. മംദാനിയുടെ ഭരണത്തിന് കീഴിൽ ന്യൂയോർക്ക് കമ്മ്യൂണിസ്റ്റ് ആയി മാറുമ്പോൾ ന്യൂയോർക്കുകാർ സുരക്ഷിത താവളങ്ങൾ തേടി ഫ്ലോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മംദാനിയുടെ വിജയാഘോഷ പ്രസംഗത്തെയും ട്രംപ് വിമർശിച്ചു. മംദാനിയുടെ പ്രസംഗം ഏറെ രോഷാകുലമായിരുന്നു, പ്രത്യേകിച്ചും തൻ്റെ നേർക്ക്. മംദാനി ഒരു മോശം തുടക്കത്തിലേക്കാണ് പോകുന്നത്. വാഷിങ്ടണിനോട് ബഹുമാനപൂർവമായ സമീപനമല്ലെങ്കിൽ മംദാനിക്ക് വിജയിക്കാനുള്ള സാധ്യത കുറവാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.