

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജിമെയിൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ അപ്ഡേറ്റുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ് (Gmail Update). നിലവിലുള്ള @gmail.com എന്ന് അവസാനിക്കുന്ന ഇമെയിൽ വിലാസങ്ങൾ മാറ്റാൻ സാധിക്കില്ലെന്ന ദീർഘകാലത്തെ പരിമിതിയാണ് ഇതോടെ അവസാനിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം (User Name) ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. വർഷങ്ങൾക്ക് മുമ്പ് തമാശയ്ക്കോ വിളിപ്പേരുകൾ ചേർത്തോ ഉണ്ടാക്കിയ ഇമെയിൽ ഐഡികൾ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി മാറ്റണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ സേവനം ഏറെ ഉപകാരപ്പെടും.
ഈ മാറ്റം വരുത്തിയാലും അക്കൗണ്ടിലെ ഡാറ്റകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിങ്ങളുടെ പഴയ അക്കൗണ്ടുമായി ബന്ധപ്പെട്ട ഫയലുകൾ, കോൺടാക്റ്റുകൾ, മറ്റ് വിവരങ്ങൾ എന്നിവയ്ക്ക് യാതൊരു മാറ്റവും സംഭവിക്കാതെ തന്നെ ഇമെയിൽ ഐഡി പുതുക്കാൻ സാധിക്കും. മാത്രമല്ല, നിങ്ങളുടെ പഴയ ഇമെയിൽ വിലാസത്തിലേക്ക് ആരെങ്കിലും സന്ദേശങ്ങൾ അയച്ചാൽ അവ പുതിയ ഇൻബോക്സിലേക്ക് തന്നെ സ്വയമേവ എത്തുന്ന വിധത്തിലാണ് ഗൂഗിൾ ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
എങ്കിലും, ഈ സൗകര്യത്തിന് ഗൂഗിൾ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഉപയോക്താവിന് തന്റെ അക്കൗണ്ടിന്റെ മുഴുവൻ കാലയളവിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ അനുവാദമുള്ളൂ. കൂടാതെ, ഒരു തവണ മാറ്റിക്കഴിഞ്ഞാൽ അടുത്ത 12 മാസത്തേക്ക് വീണ്ടും മാറ്റം വരുത്താൻ സാധിക്കില്ല.
ഗൂഗിൾ അക്കൗണ്ടിലെ 'My Account' സെക്ഷൻ വഴിയാണ് ഇത് മാറ്റേണ്ടത്. നിലവിൽ ചില ഭാഷകളിലും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കും മാത്രമാണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. എന്നാൽ ഈ സേവനം വൈകാതെ തന്നെ എല്ലാഇന്ത്യക്കാർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Google has launched a new update allowing users to modify their existing @gmail.com addresses, a feature that was previously unavailable. This update enables users to update their email prefixes for professional needs while keeping all their files, contacts, and old emails intact. However, users are limited to three changes in total and must wait 12 months between each change.