

ജറുസലേം: ഇസ്രയേലിന് നേരെ ഇറാൻ സൈനിക നീക്കം നടത്തിയാൽ രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Netanyahu Warning Iran). ഇസ്രയേലിനെ തൊട്ടാൽ ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പഴയ അവസ്ഥയിലേക്ക് അവർക്ക് തിരിച്ചുവരാനാകില്ലെന്നും നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ യുഎസ് തങ്ങളുടെ കരുത്തുറ്റ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ മേഖലയിലേക്ക് വിന്യസിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രകോപനപരമായ പ്രസ്താവന.
ഗാസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച അമേരിക്കൻ പദ്ധതികളോടും നെതന്യാഹു വിയോജിപ്പ് പ്രകടിപ്പിച്ചു. ഗാസയിൽ തുർക്കിയുടെയോ ഖത്തറിന്റെയോ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച സമാധാന സമിതിയിൽ തുർക്കിയെയും ഖത്തറിനെയും പങ്കാളികളാക്കുന്നതിനെ ഇസ്രയേൽ ശക്തമായി എതിർക്കുന്നു. തുർക്കിയുമായും ഖത്തറുമായും ഇസ്രയേലിനുള്ള നയതന്ത്രപരമായ അസ്വസ്ഥതകളാണ് ഈ നിലപാടിന് പിന്നിൽ.
ഇതിനിടെ ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുകയാണ്. പ്രതിഷേധങ്ങളിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടതായും ഇരുപത്തിയാറായിരത്തിലധികം പേരെ തടവിലാക്കിയതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മൂലം കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെങ്കിലും പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിൽ ഇറാൻ ഭരണകൂടം വിട്ടുവീഴ്ച ചെയ്യുന്നില്ല. പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആരോപിക്കുമ്പോൾ, പ്രതിരോധം കടുപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.
Israeli Prime Minister Benjamin Netanyahu issued a stern warning to Iran, stating that any attack on Israel would lead to an unprecedented military response that could permanently alter Iran's status. His remarks came as the US deployed the USS Abraham Lincoln Carrier Strike Group to the region. Netanyahu also rejected any post-war involvement of Turkish or Qatari forces in Gaza, despite US peace proposals. Meanwhile, Iran faces internal turmoil with thousands reported killed in nationwide protests, which Supreme Leader Khamenei blames on the US and Israel.