ഖത്തറിൽ ആദ്യം കരയാക്രമണം നടത്താൻ നെതന്യാഹു ലക്ഷ്യമിട്ടു; രഹസ്യാന്വേഷണ ഏജൻസി മൊസാദ് എതിർത്തതോടെ വ്യോമാക്രമണം ; റിപ്പോർട്ട് | Qatar Attack

ഇസ്രയേൽ പ്രതിരോധ സേനയിലെ ഭൂരിഭാഗവും ഖത്തറിനെതിരായ ആക്രമണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
Mossad
Published on

ദോഹ: ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആദ്യം കരയാക്രമണം നടത്താനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തെ രഹസ്യാന്വേഷണ ഏജൻസി മൊസാദ് തടഞ്ഞതായി റിപ്പോർട്ട്. മൊസാദ് വിസമ്മതിച്ചതോടെ ദോഹയിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ കരയാക്രമണം നടത്തിയാൽ ഗാസയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബാർണിയ ഭയന്നു. ഇതോടെ ഖത്തറിലെ ഹമാസ് നേതൃനിരയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ എതിർത്തതായും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് കരയാക്രമണത്തിനുപകരം ഇസ്രയേൽ 15 പോർവിമാനങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിന് 10 മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണം പരാജയമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഹമാസിന്റെ ഖത്തർ ആസ്ഥാനമായുള്ള നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമാം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ പ്രതിരോധ സേനയിലെ ഭൂരിഭാഗവും ഖത്തറിനെതിരായ ആക്രമണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ, മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവർ ഖത്തർ ആക്രമണത്തെ എതിർത്തിരുന്നുവെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com