ലാഹോര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത പാകിസ്ഥാന്‍, ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, മേഖലയില്‍ അക്രമവും സംഘര്‍ഷവും വര്‍ദ്ധിക്കുമെന്നും ഇസ്ലാമാബാദ് മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നും, ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍ പ്രകാരം ഇറാന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ മേഖലയില്‍ കൂടുതല്‍ അസ്ഥിരതയ്ക്കും അക്രമത്തിനും ഇടയാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാന്‍ പ്രസിഡന്റ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തതും, ഇന്ത്യ-പാകിസ്ഥാന്‍ സൈനിക സംഘര്‍ഷത്തില്‍ അദ്ദേഹം നടത്തിയ 'നിര്‍ണ്ണായക നയതന്ത്ര ഇടപെടലിന്' അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോര്‍വേയിലെ നോബല്‍ സമിതിക്ക് കത്ത് അയച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
പാകിസ്താന്റെ ഇരട്ടത്താപ്പ് കടുത്ത പരിഹാസത്തിനും വിമര്‍ശനത്തിനുമാണ് ഇടയാക്കുന്നത്. സര്‍ക്കാര്‍ നിലപാടിനെയും സൈനിക സ്ഥാപനത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.
'പാകിസ്ഥാനികളേ, സൂക്ഷിക്കുക! ഇറാനെതിരായ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാത്രം നല്‍കില്ല, തംഘ-ഇ-ജുറാത്ത്, തംഘ-ഇ-ഷുജാത്ത്, തംഘ-ഇ-ബസലാത്ത്, തംഘ-ഇ-ഇംതിയാസ്, പോലും നല്‍കും. ഒരുപക്ഷേ നിഷാന്‍-ഇ-ഹൈദര്‍ വരെ...'
പിഎംഎല്‍-എന്‍ നേതാവ് ഖ്വാജ സാദ് റഫീഖ് മുമ്പ് ട്രംപിനെ ചെങ്കിസ് ഖാനും ഹിറ്റ്ലറും ആണെന്ന് പറഞ്ഞിരുന്നു. അതേ ട്രംപിനെയാണ് ഇപ്പോള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതെന്ന് പത്രപ്രവര്‍ത്തകന്‍ അമീര്‍ അബ്ബാസ് പരിഹസിച്ചു. 'ഇത്രയും ലജ്ജാകരവും ഭീരുവുമായ തീരുമാനങ്ങള്‍ എടുക്കുന്നവര്‍ ആരാണ്?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ട്രംപിനെ വിമര്‍ശിച്ചിട്ടും, പാകിസ്ഥാന്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതില്‍ രാഷ്ട്രീയ നിരീക്ഷകരും കോളമിസ്റ്റുമാരായ റാഹെഖ് അബ്ബാസി അടക്കമുള്ളവര്‍ കടുത്ത പരിഹാസം പ്രകടിപ്പിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ എട്ടുതവണ വീറ്റോ ചെയ്ത ട്രംപിനാണ് ഈ അഭിമാനകരമായ അവാര്‍ഡ് നല്‍കാന്‍ ശ്രമിക്കുന്നത് എന്നതും വിമര്‍ശനമായി.
'പലസ്തീനികളുടെ വംശഹത്യയില്‍ പങ്കാളിയായ ഒരാളെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുന്നു, അതേസമയം ഇറാനോടൊപ്പം നില്‍ക്കുമെന്ന് അവകാശപ്പെടുന്നു ഇതാണ് കാപട്യത്തിന്റെ ഉന്നതി,' എന്ന് മറ്റൊരു ഉപയോക്താവ് ജാര്‍ജിസ് അഹമ്മദ് പറഞ്ഞു.
സൈനിക സ്ഥാപനം തങ്ങളുടെ ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും, രാജ്യത്തെ 'കിരീടം വെക്കാത്ത രാജാവ്' എപ്പോള്‍ വേണമെങ്കിലും രാജ്യം വില്‍ക്കാന്‍ തയ്യാറാണെന്നും മേജര്‍ (റിട്ട.) അസിം ആരോപിച്ചു.
'മുസ്ലീങ്ങളുടെ വംശഹത്യയ്ക്ക് ഉത്തരവാദിയായ ട്രംപിനെ നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തത് നമ്മുടെ രാജ്യത്തിനും ജനതയ്ക്കും വലിയ വഞ്ചനയാണ്,' എന്നാണ് മറ്റൊരു ഉപയോക്താവ് ആമിര്‍ ഖാന്‍ പ്രതികരിച്ചത്.