
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിയതായി നാസ(Axiom-4). ജൂൺ 22 ഞായറാഴ്ച വിക്ഷേപണം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇത് വീണ്ടും മാറ്റിയതായും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നാസ വ്യക്തമാക്കി. ഇത് ആറാം തവണയാണ് വിക്ഷേപണം മാറ്റി വൈകുന്നത്. ജൂൺ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിക്ഷേപണം പിന്നീട് ജൂൺ 10, ജൂൺ 11, ജൂൺ 19, ജൂൺ 22 തീയതികളിലേക്ക് മാറ്റിവയ്ക്കുകയിരുന്നു. ഫാൽക്കൺ 9 റോക്കറ്റിലെ പരിശോധന താമസം, പ്രതികൂല കാലാവസ്ഥ, ദ്രാവക ഓക്സിജൻ ചോർച്ച, ബഹിരാകാശ നിലയത്തിന്റെ സർവീസ് മൊഡ്യൂളിലെ സാങ്കേതിക തകരാർ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക, പാരിസ്ഥിതിക കാരണങ്ങളാലാണ് വിക്ഷേപണം മാറ്റിയത്.
"ജൂൺ 22 ഞായറാഴ്ച നടക്കുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പുതിയ വിക്ഷേപണ തീയതി തീരുമാനിക്കും." - ആക്സിയം സ്പേസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.