വാട്ടർ ടാങ്കിനുള്ളിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം, കണ്ടെത്തിയത് കുറ്റകൃത്യങ്ങളുടെ ലോകത്ത് കുപ്രസിദ്ധമായ ഒരു ഹോട്ടലിൽ; ഇന്നും ദുരൂഹമായി തുടരുന്ന എലീസ ലാമിന്റെ മരണം | Elisa Lam

 Elisa Lam
Netflix
Published on

ലോസ് ഏഞ്ചൽസിലെ സെസിൽ ഹോട്ടൽ (Cecil Hotel). കുറ്റകൃത്യങ്ങളുടെ ലോകത്ത് കുപ്രസിദ്ധമായ ഒരു ഹോട്ടൽ, അതായിരുന്നു സെസിൽ. കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും പ്രേതകഥകളുടെയും ഇരുണ്ട ഏടാണ് ഇവിടം. ഇന്നും ചുരുളഴിക്കാൻ കഴിയാത്ത ഒട്ടനവധി കുറ്റകൃത്യങ്ങൾ ഈ ഹോട്ടലിൽ അരങ്ങേറിയിട്ടുണ്ട്. അമേരിക്കയെ തന്നെ നടുക്കിയ ഒട്ടെറെ കുറ്റകൃത്യങ്ങൾക്ക് വേദിയായ ഈ ഹോട്ടലിന്റെ ചരിത്രത്തിൽ ഇന്നും നിഗൂഢമായി തുടരുന്ന ഒരു മരണമുണ്ട്. എലീസ ലാം (Elisa Lam) എന്ന 21-കാരിയുടെ തിരോധാനവും മരണവും.

2013 ജനുവരി, ഒറ്റയ്ക്ക് ഒരു വെസ്റ്റ് കോസ്റ്റ് യാത്രയിലായിരുന്നു കാനഡയിലെ വാൻകൂവറിൽ ജനിച്ച വളർന്ന എലീസ. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്ന എലീസ യാത്രകൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. തനിച്ച് യാത്രകൾ ചെയുവാൻ ഏറെ ആഗ്രഹിച്ചിരുന്ന എലീസ ബൈപോളാർ ഡിസോർഡർ എന്ന മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാനസിക പ്രശനങ്ങൾക്ക് ഇടയിലും എലീസ യാത്രകൾ തുടർന്നു. അങ്ങനെ ജനുവരിയിൽ കാലിഫോർണിയയിലേക്ക് പുറപ്പെടുന്നു. ജനുവരി 26 ഓടെ ലോസ് ഏഞ്ചൽസിലെത്തുന്നു എലീസ ഹോട്ടൽ സെസിലേക്ക് താമസം മാറുന്നു.

ഹോട്ടൽ സെസിലിന്റെ അഞ്ചാം നിലയിൽ, മറ്റു രണ്ടുപേരോടൊത്തായിരുന്നു എലീസ ഹോട്ടൽ റൂം പങ്കിട്ടിരുന്നത്. എന്നാൽ അധികം വൈകാതെ ആ മുറിയിലുണ്ടായിരുന്നവർക്ക് എലീസയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി തുടങ്ങി. ഒറ്റയ്ക്ക് ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്നു, കരയുന്നു, ചിരിക്കുന്നു. ഇതൊന്നും സഹിക്കാൻ കഴിയാതെ, എലീസ വിചിത്രമായി പെരുമാറുന്നു എന്ന് കാട്ടി ആ റൂമിൽ ഉണ്ടായിരുന്ന രണ്ടുപേർ പരാതിപ്പെടുന്നു. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ എലീസയെ മറ്റൊരു മുറിയിലേക്ക് മാറ്റുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും എലീസ ദിവസവും മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചിരുന്നു. യാത്രയുടെ ഓരോ വിവരങ്ങളും ഓരോന്നായി അവൾ അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു. അഞ്ച് ദിവസത്തെ താമസത്തിന് ശേഷം എലീസ ജനുവരി 31 ന് ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ അന്ന് പതിവിൽ വിപരീതമായി എലീസ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നില്ല.

മകൾ മുൻകൂട്ടി പറഞ്ഞത് അനുസരിച്ച് 31നാണ് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യേണ്ടത്, എന്നാൽ അന്ന് മകൾ വീട്ടുകാരെ വിളിച്ചിരുന്നില്ല. ആശങ്കയിലായ കുടുംബം ലോസ് ഏഞ്ചൽസ് പോലീസിനെ വിവരമറിക്കുന്നു. എലീസ താമസിച്ചിരുന്ന മുറിയിൽ തന്നെ അവളുടെ എല്ലാ വസ്തുക്കളും അതുപോലെ തന്നെയുണ്ട്. ബാഗും വസ്ത്രങ്ങളും പാസ്‌പോർട്ടും എല്ലാം തന്നെ അതേപടി ആ മുറിയിൽ ഉണ്ട്. അപ്പോൾ പിന്നെ ഇതൊന്നും എടുക്കാതെ എലീസ എവിടേക്ക് പോയി എന്നതായി പോലീസിന്റെ അന്വേഷണം.

ലിഫ്റ്റിലെ ദുരൂഹ ദൃശ്യങ്ങൾ

എലീസയുടെ തിരോധാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലിലെ ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോദിക്കുകയുണ്ടായി. ജനുവരി 31-ന് രാത്രി 1 മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങൾ കേസിലെ വഴിത്തിരിവായി മാറി. എലീസ ലിഫ്റ്റിനുള്ളിൽ കയറുന്നതായി കാണാം. എന്നാൽ ലിഫ്റ്റിനുള്ളിൽ കയറിയതും വളരെ വിചിത്രമായി അവൾ പെരുമാറാൻ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി ലിഫ്റ്റിലെ നിരവധി ബട്ടണുകൾ അമർത്തുന്നു, ശേഷം ഇടനാഴിയിലേക്ക് നോക്കുന്നു. ആരോടോ സംസാരിക്കുന്നത് പോലെ ആംഗ്യങ്ങൾ കാണിക്കുന്നു, ഒളിക്കാൻ ശ്രമിക്കുന്നതു പോലെ ലിഫ്റ്റിന്റെ കോണിലേക്ക് ഒതുങ്ങുന്നു, . ഒളിക്കുന്നതു പോലെ, ആരോടോ സംസാരിക്കുന്നതു പോലെ. ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കുകയും, അവളെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് പ്രചരിക്കുവാൻ തുടങ്ങിയിരുന്നു. ഇന്റർനെറ്റിൽ ചിരുങ്ങിയ സമയം കൊണ്ട് വീഡിയോ ലക്ഷകണക്കിന് മനുഷ്യരുടെ ശ്രദ്ധപിടിച്ചുപറ്റി. എന്നാൽ എലീസയെ കുറിച്ച് മാത്രം യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

വാട്ടർടാങ്കിൽ നിന്നും കണ്ടെത്തിയ മൃതദേഹം

2013, ഫെബ്രുവരി 19, ഹോട്ടലിലെ പൈപ്പിലെ വെള്ളത്തിൽ നിന്നും ശക്തമായ ദുർഗന്ധം വമിക്കുണ്ടായിരുന്നു. വെള്ളത്തിന്റെ മർദ്ദത്തിലും കാര്യാമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയായതോടെ ഹോട്ടലിലെ താമസക്കാർ പരാതിയുമായി രംഗത്തെത്തി. ഒന്നിന് പിറകെ ഒന്നായി ഹോട്ടലിൽ താമസിച്ചിരുന്ന പലർക്കും വെള്ളത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയതോടെ ഹോട്ടൽ മാനേജർ മെയിന്റനൻസ് ജീവനക്കാരനോട് റൂഫ് ടോപ്പിലെ ജലസംഭരണ ടാങ്കുകൾ പരിശോധിക്കാൻ ആവശ്യപ്പെടുന്നു. അന്ന്, 3,785 ലിറ്റർ ജലസംഭരണ ടാങ്കിലേക്ക് എത്തിനോക്കിയ ആ ജീവനക്കാരൻ കാണുന്നത് ഒരു സ്ത്രീയുടെ നഗ്നമായ മൃതദേഹമായിരുന്നു. ഇത് കണ്ട് അകെ ഞെട്ടിയ ജീവനക്കാരൻ വിവരം ഹോട്ടൽ അധികൃതരെ അറിയിക്കുന്നു.

സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ദിവസങ്ങൾക്ക് മുൻപ് ഹോട്ടലിൽ നിന്നും കാണാതെ പോയ എലീസയുടെ ശവശരീരമായിരുന്നു അത്. അതോടെ എലീസ തിരോധാനം മരണമായി മാറി. മൃതദേഹം പുറത്തെടുക്കാൻ ടാങ്ക് പൂർണ്ണമായി വറ്റിച്ച് മുറിച്ചു മാറ്റേണ്ടി വന്നു. മൃതദേഹം കണ്ടെത്തിയ ശേഷം നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, എലീസയുടെ മരണ കാരണം മുങ്ങിമരണമായി സ്ഥിരീകരിക്കുന്നു. എലീസയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെയോ പരിക്കുകളുടെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മാത്രവുമല്ല വിഷമോ മറ്റു മരുന്നുകളോ എലീസയുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല. ടോക്സിക്കോളജി റിപ്പോർട്ട് പ്രകാരം മരണസമയത്ത് ബൈപോളാർ ഡിസോർഡറിനുള്ള മരുന്നുകൾ എലീസ കഴിച്ചിട്ടുണ്ടായിരുന്നില്ല. എലീസയുടെ ശവശരീരം അഴുകി വീർത്തനിലയിലാണ് കണ്ടുകിട്ടുന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കവുമുണ്ട്. ലൈംഗികാതിക്രമം, ആത്മഹത്യ, എന്നിവയുടെ യാതൊരു ലക്ഷണവും സംഭവസ്ഥലത്ത് നിന്നും ലഭിച്ചിരുന്നില്ല അതോടെ എലീസയുടേത് മുങ്ങിമരണം എന്ന് തന്നെ ഉറപ്പിക്കുന്നു. ബൈപോളാർ ഡിസോർഡർ ബാധിച്ച എലീസ അബദ്ധത്തിൽ മുങ്ങിമരിച്ചതാണെന്നാണ് ഔദ്യോഗിക നിഗമനം. എന്നാൽ, എലീസയുടെ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം കോടതിയെ സമീപിച്ചുവെങ്കിലും ഫലം ഉണ്ടായില്ല.

എലീസയുടെ മരണം മുന്നോട്ട് വയ്ക്കുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് എലീസ ഹോട്ടലിലെ ടാങ്കിനുള്ളിൽ എത്തിയത്? ടാങ്കുകൾ സാധാരണയായി പൂട്ടിയ നിലയിലായിരിക്കും, പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം ഇല്ലാതെ അതിന്റെ മുകളിൽ കയറുന്നത് പോലും അത്യന്തം പ്രയാസകരമാണ്. സുരക്ഷാ അലാറങ്ങളും ലോക്കുകളും മറികടന്ന് എലീസക്ക് അവിടെക്ക് എത്തുക അത്ര എളുപ്പമല്ല. മാത്രവുമല്ല ഹോട്ടലിൽ എത്തിയ നാൾ മുതൽ വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു എലീസക്ക് എട്ട് അടിയോളം ഉയരമുള്ള ടാങ്കിൽ എങ്ങനെ തനിച്ച് കയറാൻ സാധിക്കും. എലീസയെ അവസാനമായി കണ്ടത് ലിഫ്റ്റിലെ വിചിത്രമായ ദൃശ്യത്തിലാണ്. എലീസയെ ആരോ കൊലപ്പെടുത്തിയതാണ് എന്നും, മാനസിക രോഗത്തിന്റെ ആഘാതത്തിൽ എലീസ സ്വയം ടാങ്കിലേക്ക് ചാടിയതാണ് എന്നും വാദിക്കുന്നവർ ഏറെയാണ്. ചിലർ എലീസ അമാനുഷിക ശക്തികളുടെ പിടിയിലായിരുന്നുവെന്ന് വരെ പറഞ്ഞു പരത്തി. എന്നാൽ ടാങ്കിന്റെ ഉയരവും, ഭാരമുള്ള മൂടി തുറന്നതും, എലീസ ടാങ്കിനുള്ളിൽ പ്രവേശിച്ച സാഹചര്യം ഇന്നും വിശദീകരിക്കാൻ കഴിയാത്തത് കൊണ്ട് എലീസയുടെ മരണം ദുരൂഹമായി തന്നെ തുടരുന്നു. കൊലപാതകങ്ങൾക്കും ആത്മഹത്യക്കും പേരുകേട്ട സെസിൽ ഹോട്ടലിന്റെ ചുരുളഴിയാത്ത കഥകളിൽ അങ്ങനെ എലീസയുടെ മരണവും ഇടംപിടിച്ചു.

Summary: Elisa Lam, a 21-year-old Canadian student, mysteriously disappeared in January 2013 while staying at Los Angeles’ infamous Cecil Hotel. CCTV footage showed her behaving erratically in a hotel elevator, sparking worldwide speculation. Weeks later, her naked body was found in a rooftop water tank, and her death remains unsolved and deeply mysterious

Related Stories

No stories found.
Times Kerala
timeskerala.com