വാഷിംഗ്ടൺ : കടുത്ത തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരി എന്ന നിലയിൽ ലോകം പരിചയിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടികളുമായി ഊഷ്മളമായി ഇടപഴകുന്ന ട്രംപിൻ്റെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻസ് അഡ്വൈസറും സ്പെഷ്യൽ അസിസ്റ്റൻ്റുമായ മാർഗോ മാർട്ടിനാണ് വീഡിയോ 'എക്സി'ൽ പങ്കുവെച്ചത്. "മാധ്യമങ്ങൾ കാണിക്കാത്ത പ്രസിഡൻ്റ് ട്രംപിൻ്റെ മറ്റൊരു വശം" എന്ന കുറിപ്പോടെയാണ് മാർഗോ മാർട്ടിൻ വീഡിയോ പങ്കുവെച്ചത്.(My name is Donald, US President interacts warmly with children)
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്നുള്ളതാണ് വീഡിയോ. ഓഫീസ് സന്ദർശിക്കാനെത്തിയ ഒരു സംഘം കുട്ടികളുമായി ട്രംപ് സംസാരിക്കുന്നതാണ് ദൃശ്യങ്ങൾ. കുട്ടികളെ വാത്സല്യത്തോടെ വരവേറ്റ ട്രംപ്, അവർക്ക് സമ്മാനമായി ചാലഞ്ച് കോയിനുകൾ നൽകി. അവസാനം കോയിൻ വാങ്ങിയ കുട്ടി ട്രംപിനോട് ചോദിച്ചത് ഇങ്ങനെയാണ്: "നിങ്ങളുടെ പേരെന്താണ്?"
ഉടൻ തന്നെ ട്രംപ് മറുപടി പറഞ്ഞു: "എൻ്റെ പേര് ഡൊണാൾഡ്". തുടർന്ന് ട്രംപ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടികളെ പേനകൾ കൂടി സമ്മാനിച്ചാണ് അദ്ദേഹം യാത്രയാക്കിയത്. ഈ വീഡിയോ ഇതിനകം 17 ലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്. കുട്ടികളോടുള്ള ട്രംപിൻ്റെ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേർ കമൻ്റ് ചെയ്യുന്നുണ്ടെങ്കിലും, ചിലർ അദ്ദേഹത്തിൻ്റെ പഴയ വിവാദ വീഡിയോ ഓർമ്മിപ്പിക്കുന്നുണ്ട്. 1992-ൽ ട്രംപ് ടവറിൽ വെച്ച് ഒരു ചെറിയ പെൺകുട്ടിയോട് 46-കാരനായ ട്രംപ്, "10 വർഷം കഴിഞ്ഞ് നിന്നെ ഞാൻ ഡേറ്റ് ചെയ്യും" എന്ന് പറയുന്ന വീഡിയോയാണ് ചിലർ കമൻ്റിട്ടത്.