കഴിക്കുന്നവരെ കുഴപ്പത്തിലാക്കിക്കളയുന്ന കൂൺ, റെസ്റ്റോറന്‍റുകളിലെ മെനുവിലും ഇവൻ ഇടംപിടിക്കുന്നു; ഹാലുസിനേഷനുണ്ടാക്കും കൂൺ | Mushroom

യുനാൻ പ്രവിശ്യയിലെ വനമേഖലകളില്‍ പ്രത്യേകമായി കണ്ടുവരുന്ന കൂണാണ് Lanmaoa asiatica.
MUSHROOM
TIMES KERALA
Updated on

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉൾപ്പെടെ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലൊന്നാണ് കൂണ്‍. ധാതുക്കളും പ്രോട്ടീനും വിറ്റാമിനുകളുമൊക്കെ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ കൂൺ ഉൾപ്പെടുത്തിയാല്‍ വിറ്റാമിൻ ഡി, പൊട്ടാസ്യം, ഫൈബർ, ചെമ്പ്, സെലിനിയം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായകമാകും. കൂണിന്റെ വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റ് സവിശേഷതകൾ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിലൂടെ പലതരത്തിലുള്ള ക്യാൻസർ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തില്‍ കൂണിന്‍റെ ഗുണഫലത്തെ പറ്റി എല്ലാവരും ധാരാളം കേട്ടിട്ടുണ്ട്. ലോകത്ത് വ്യത്യസ്ത തരത്തിലുള്ള കൂണുകളും ലഭ്യമാണ്. എന്നാല്‍ ചൈനയിലെ യുനാൻ പ്രവിശ്യയിലെ വനമേഖലകളില്‍ പ്രത്യേകമായി കണ്ടുവരുന്ന ഒരുതരം കൂണ്‍ ഉണ്ട്. ആളിത്തിരി വെറൈറ്റിയാണ്. (Mushroom)

യുനാൻ പ്രവിശ്യയിലെ വനമേഖലകളില്‍ പ്രത്യേകമായി കണ്ടുവരുന്ന കൂണാണ് Lanmaoa asiatica. രുചികരമായ കൂണ്‍ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇവൻ ചില്ലറക്കാരനല്ല. കഴിക്കുന്നവരെ ചിലപ്പോൾ കുഴപ്പത്തിലാക്കിക്കളയും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കൂൺ സീസണിൽ യുനാൻ പ്രവിശ്യയിലെ എല്ലാ വീടുകളിലും Lanmaoa asiatica കൊണ്ടുള്ള വിഭവങ്ങൾ വിളമ്പാറുണ്ട്. മാത്രമല്ല റെസ്റ്റോറന്‍റുകളിലെ മെനുവിലും ഇവൻ ഇടംപിടിക്കുന്നു. എന്നാല്‍ നല്ല രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ ഈ കൂൺ പണിതരും, ഹാലുസിനേഷനുണ്ടാക്കും. അങ്ങനെ പണികിട്ടിയ ഒരുപാട് പേരുണ്ട്.

കൂൺ ഹോട്ട് പോട്ട് റെസ്റ്റോറന്‍റുകളില്‍ സമയം സെറ്റ് ചെയ്ത് വെച്ചാണ് Lanmaoa asiatica കുക്ക് ചെയ്യുന്നത്. അല്ലാതെ കഴിച്ചാല്‍ ഹാലൂസിനേഷൻ ഉണ്ടാകുന്നു. നന്നായി പാകം ചെയ്യാതെ കഴിച്ചാൽ അവിടിവിടായി കുഞ്ഞു കുഞ്ഞ് മനുഷ്യരെ കാണാൻ തുടങ്ങും. എന്നാല്‍ ഹാലുസിനേഷന് കാരണമാകുന്ന അജ്ഞാത രാസ സംയുക്തത്തെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 1991-ലെ ഒരു പേപ്പറിൽ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ രണ്ട് ഗവേഷകർ യുനാൻ പ്രവിശ്യയിലെ ആളുകൾക്ക് ഒരു പ്രത്യേക കൂൺ കഴിച്ചതിനുശേഷം പ്രത്യേക തരത്തിലുള്ള ഈ ഹാലുസിനേഷൻ ഉണ്ടായതായി വ്യക്തമാക്കുന്നുണ്ട്. lilliputian hallucinations എന്നറിയപ്പെടുന്ന ഒരവസ്ഥയാണ് മതിയായ വേവാതെ ഈ കൂണ്‍ കഴിക്കുന്നതുകൊണ്ട് ഉണ്ടാവുന്നത്. അതായത് ചെറിയ മനുഷ്യർ, മൃഗങ്ങൾ അല്ലെങ്കിൽ ഫാന്റസി രൂപങ്ങൾ കാണുന്ന അവസ്ഥ. ഗളിവറുടെ യാത്രകൾ എന്ന നോവലിലെ ലിലിപുട്ട് ദ്വീപിലെ ചെറിയ ആളുകളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യരുടേയോ മൃഗങ്ങളുടേയോ രൂപങ്ങൾ എല്ലായിടത്തും കാണുന്നു എന്നാണ് കൂണ്‍ കഴിച്ച് ഹാലുസിനേഷൻ ഉണ്ടായവർ പറയുന്നത്. കഴിക്കുന്ന ഭക്ഷണത്തിലും ഇടുന്ന വസ്ത്രങ്ങളിലും ചുവരുകളിലുമെല്ലാം ഇത്തരം കുഞ്ഞൻ രൂപങ്ങൾ. ഇത്തരം ഹാലുസിനേഷനുകൾക്ക് കാരണമാകുന്ന കെമിക്കൽ സംയുക്തം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 12 മുതൽ 24 മണിക്കൂർ വരെയാണ് ഇതിന്‍റെ ഇഫക്ട് നിലനില്‍ക്കുന്നത്. ചിലപ്പോൾ ഇത് 1 മുതൽ 3 ദിവസം വരെ നീളുന്നു. ഒരാഴ്ച വരെ ആശുപത്രി വാസം വരെ വേണ്ടിവരുന്ന അവസ്ഥയുമുണ്ട്. തലകറക്കം ഉൾപ്പെടെയുള്ള ചെറിയ പ്രശ്നങ്ങളും ഈ കൂണ്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നല്ലരീതിയില്‍ വേവിക്കാതെ കഴിച്ചാല്‍ പണികിട്ടും.

Related Stories

No stories found.
Times Kerala
timeskerala.com