
1974 ഒക്ടോബർ 13, സമയം രാത്രി മൂന്ന് മണികഴിഞ്ഞിട്ടുണ്ട്. ബ്രൂസ് പെറി പള്ളിയിൽ പോയ ഭാര്യയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. പതിനൊന്ന് മണിയോടെയാണ് ബ്രൂസിന്റെ ഭാര്യ പള്ളിയിലേക്ക് പോയത്. മണിക്കൂറുകൾ കഴിഞ്ഞട്ടും യാതൊരു വിവരവുമില്ല. ബ്രൂസ് അകെ പരിഭ്രാന്തനായി, എന്ത് ചെയ്യണം എന്ന് അറിയാതെ കുഴപ്പത്തിലായി. ബ്രൂസിൻ്റെ ഭാര്യ ആർലിസ് പെറിയെ കാണ്മാനില്ല. ഇരുവരും തമ്മിൽ ചെറിയ രീതിൽ വഴക്കുണ്ടായി. തുടർന്ന് തനിക്ക് അൽപനേരം തനിച്ചിരിക്കണം, ഒന്ന് പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ആർലിസ് വീട്ടിൽ നിന്നും ഇറങ്ങിയത്. സമയം ഏറെ വൈകിയിട്ടും ആർലിസ് പള്ളിയിലേക്ക് പോകുന്നത് ബ്രൂസ് തടഞ്ഞിരുന്നില്ല. എന്നാൽ നേരം ഒരുപാടായി. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ പള്ളിയിലേക്കാണ് ആർലിസ് പോയത്. (Murder of Arlis Perry)
ബ്രൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്, ഭാര്യ ആർലിസുമായി ക്യാമ്പസ്സിലെ ഡ്രോമിലാണ് താമസം. ആർലിസ് ഒഴിവ് സമയങ്ങളിലൊക്കെയും ക്യാമ്പസിനുള്ളിലെ പള്ളിയിൽ പോകുന്നത് പതിവാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആർലിസിനെ തിരഞ്ഞ ബ്രൂസ് ഡ്രോമിൽ നിന്നും പള്ളി ലക്ഷ്യമാക്കി പോകുന്നു. പള്ളിയുടെ അടുത്ത് എത്തിയ ബ്രൂസ് കാണുന്നത് പുറത്തു നിന്നും പൂട്ടിയിട്ട പള്ളിയെയാണ്. അതോടെ ആർലിസ് പള്ളിയിൽ ഇല്ല എന്ന് മനസിലാക്കിയ ആ മനുഷ്യൻ ഭീതിയോടെ ക്യാമ്പസിനുള്ളിൽ എങ്ങോട്ട് എന്ന് ഇല്ലാതെ പരക്കം പായുന്നു. ക്യാമ്പസിനുള്ളിൽ എങ്ങും ആർലിസിനെ കണ്ടെത്താനായില്ല. അതോടെ ബ്രൂസ് പോലീസിനെ വിവരം അറിയിക്കുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ പോലീസ് സംഘം ആർലിസിനായി തിരച്ചിൽ നടത്തുന്നു. എന്നാൽ അവർക്കും അവളെ കണ്ടെത്തുവാൻ സാധിച്ചില്ല. തിരച്ചിലിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു സംശയം, പള്ളിയിൽ പോകാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ ആർലിസ് പള്ളിയിൽ എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആർലിസിനെ കണ്ടു കാണും. എന്നാൽ രാത്രിയിലെ തന്റെ ജോലി കഴിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ അപ്പോഴേക്കും വീട്ടിൽ പോയിരുന്നു.
നേരം വെളുത്ത് തുടങ്ങിയിരുന്നു, സമയം ഏതാണ്ട് ആറു മണിയോട് അടുത്ത് കാണും. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ എത്തുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പള്ളിക്കുള്ളിൽ ഒരു സ്ത്രീയുടെ ശവശരീരം. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തുന്നു. ക്യാമ്പസ് സെക്യൂരിറ്റി ഗാർഡ് സ്റ്റീഫൻ ക്രോഫോർഡാണ് വിവരം പോലീസിനെ അറിയിച്ചത്. പള്ളിക്കുള്ളിൽ എത്തിയ പോലീസിനെ കാത്തിരുന്നത് അതീഭീകരമായ കാഴ്ചയാണ്. പള്ളിയുടെ കിഴക്കായി, അൾത്താരയുടെ അടുത്തായി ഒരു സ്ത്രീയുടെ അർദ്ധനഗ്നമായ ശവശരീരം. ഒറ്റനോട്ടത്തിൽ തന്നെ അത് ആർലിസാണ് എന്ന് മനസിലാകുന്നു. അതോടെ പോലീസ് ഉടൻ തന്നെ വിവരം ബ്രൂസിനെ അറിയിക്കുന്നു.
തീർത്തും വികൃതമായിരുന്നു ആർലിസിന്റെ ശവശരീരം. ആർലിസിന്റെ തലയുടെ പിൻഭാഗത്തായി സ്ക്രൂഡ്രൈവർ പോലെയുള്ള കുർത്ത വസ്തു കുത്തിയിറക്കിയിരിക്കുന്നു. എന്നാൽ ആ വസ്തുവിന്റെ കൈപിടി കാണാനില്ലായിരുന്നു. അരയ്ക്കു താഴെ നഗ്നയായിരുന്നു ആർലിസിൻറെ ശവശരീരം. മൂന്നടി നീളമുള്ള മെഴുകുതിരി അവളുടെ യോനിയിൽ തിരിക്കി വച്ചിരിക്കുന്നു. മറ്റൊന്ന് അവളുടെ സ്തനങ്ങൾക്കിടയിലും വച്ചിരിക്കുന്നു. കാലുകൾക്ക് കുറുകെ ഒരു ഡയമണ്ടിന്റെ ആകൃതിയിൽ ആർലിസിന്റെ ശവശരീരത്തിന് അരികിലായി ആർലിസ് ധരിച്ചിരുന്ന പാന്റുകൾ ഒരുക്കിവച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ എന്തോ ആഭിചാര ക്രിയകൾ നടത്തിയതിന്റെ ലക്ഷണങ്ങൾ.
അന്വേഷണം ആരംഭിച്ച പോലീസിന്റെ മുന്നിൽ തെളിവുകൾ യാതൊന്നു ഇല്ലായിരുന്നു. ആർലിസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോളാണ് ആർലിസ് കൊല്ലപ്പെടുന്നതിന് മുൻപ് ബലാത്സംഗത്തിന് ഇരയായ വിവരം പുറത്തു വരുന്നത്. പ്രതിയെന്ന് പോലീസ് ആദ്യം സംശയിച്ചത് ആർലിസിന്റെ ഭർത്താവിനെയായിരുന്നു. എന്നാൽ അന്വേഷണങ്ങൾക്ക് ഒടുവിൽ ബ്രൂസ് അല്ല കുറ്റവാളി എന്ന് കണ്ടെത്തിയിരുന്നു. അതോടെ ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായ സ്റ്റീഫൻ ക്രോഫോർഡിന്റെ മേലായി പോലീസിന്റെ സംശയ കണ്ണുകൾ. സ്റ്റീഫനെയും പോലീസ് ചോദ്യംചെയ്യുന്നു. ആർലിസിന്റെ ശവശരീരത്തിൽ നിന്നും ലഭിച്ച ശുക്ലത്തിന്റെ അംശത്തെ അടിസ്ഥാനമാക്കി നടത്തിയ ഡിഎൻഎ പരിശോധനയിൽ ബ്രൂസിന്റെയോ സ്റ്റീഫന്റെയോ അല്ല ശുക്ലം എന്ന് തെളിയുന്നു. അതോടെ കുറ്റവാളിയെ തേടി വീണ്ടും ഓട്ടമായി.
സ്റ്റീഫൻ നൽകിയ മൊഴി, പള്ളി അർദ്ധരാത്രിയിൽ പൂട്ടിയ ശേഷം രാത്രി രണ്ടു മണിയോടെ വീണ്ടും പള്ളി മുറ്റത്ത് എത്തി പരിശോധന നടത്തുന്നു. അപ്പോഴും പള്ളിയുടെ പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ആറു മണിയോട് പള്ളി വീണ്ടും തുറന്നപ്പോളാണ് ആർലിസിനെ ശവശരീരം പള്ളിക്കുള്ളിൽ നിന്നും കണ്ടുകിട്ടുന്നത്. സ്റ്റീഫൻ നൽകിയ മൊഴിയിൽ പറയുന്നത്, പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള വാതിൽ ചെറുതായി തുറന്ന നിലയിലായിരുന്നു എന്ന്. അതോടെ പോലീസ് ആ രീതിയിലും അന്വേഷണം ആരംഭിച്ചു. ആർലിസ് കൊല്ലപ്പെട്ട രാത്രി പള്ളിയിൽ വന്നു പോയവരെ മുഴുവൻ പോലീസ് ചോദ്യം ചെയുന്നു. എന്നാൽ പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല. ശാസ്ത്രീയമായി അന്വേഷണത്തിന് ഒരുപാടു പോരായ്മകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ അന്വേഷണം എങ്ങും എത്താതെ പാതി വഴിയിൽ നിലച്ചു. സിസിടിവിയോ മറ്റു ആധുനിക സംവിധാനങ്ങൾ യാതൊന്നും ഇല്ലാതിരുന്ന കാലത്ത് അരങ്ങേറിയ കൊലപാതകത്തിന്റെ ചുരുളഴിക്കുക എന്നത് ഏറെ കഠിനമായിരുന്നു.
തെളിവുകൾ ഇല്ല എന്ന് കരുതി പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചില്ല. ഓരോ വർഷവും കേസ് അന്വേഷിച്ചുകൊണ്ടേയിരുന്നു. പ്രതിയെ പിടികൂടുക എന്നത് മാത്രമായി പോലീസിന്റെ ലക്ഷ്യം. ഒടുവിൽ 2018 ൽ ആധുനിക ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടു പ്രതിയെ കണ്ടെത്തുവാൻ വീണ്ടും ശ്രമം നടത്തുന്നു. അന്ന് ലഭിച്ച ശുക്ലത്തിന്റെ സാമ്പിളുകൾ വീണ്ടും പരിശോധിക്കുന്നു. അതോടെ പ്രതിയെ കണ്ടെത്തുന്നു. 44 വർഷങ്ങൾക്ക് മുൻപ് ആർലിസിന്റെ ശവശരീരം പള്ളിയിൽ നിന്നും കണ്ടെത്തിയ സ്റ്റീഫൻ തന്നെയാണ് പ്രതി. ഒടുവിൽ പോലീസ് സ്റ്റീഫനെ അറസ്റ്റ് ചെയ്യാൻ അയാളുടെ വീട്ടിൽ എത്തിയപ്പോഴേക്കും, കഥയാകെ മാറി. താൻ വർഷങ്ങ്ൾക്ക് മുൻപ് ചെയ്ത നീചകൃത്യത്തിന് എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടും എന്ന ഭയം അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം. പോലീസ് സ്റ്റീഫന്റെ വീടിന് മുന്നിൽ അറസ്റ്റ് വാറന്റുമായി എത്തിയ അതെ തക്കം നോക്കി വീട് ഉള്ളിൽ നിന്നും പൂട്ടിയ ശേഷം, സ്വന്തം കൈയിൽ കരുതിയ തോക്ക് കൊണ്ട് സ്വയം വെടിവച്ച് അയാൾ മരിക്കുന്നു.
ഇന്നും എന്തിനു വേണ്ടിയാണ് സ്റ്റീഫൻ അതീക്രൂരമായി ആർലിസിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല. സാങ്കേതികവിദ്യ അത്രകണ്ട് പുരോഗമിക്കാത്തത് കൊണ്ട് മാത്രം രക്ഷപ്പെട്ട കുറ്റവാളിയായിരുന്നു സ്റ്റീഫൻ. സ്റ്റീഫനെ പോലെ ഒരായിരം കുറ്റവാളികൾ ഇരകളെ നിഷ്ക്കരുണം വകവരുത്തിയ ശേഷം സ്വച്ഛമായി വിഹരിക്കുന്നുണ്ട്.
Summary: Arlis Perry, a 19-year-old newlywed and devout Christian, was brutally murdered inside Stanford University's Memorial Church on October 12, 1974, her body found partially nude near the altar with ritualistic elements at the scene. Despite intense investigations, the case remained unsolved for 44 years. In 2018, DNA evidence finally linked security guard Stephen Crawford to the murder, but he died by suicide as police arrived to arrest him.