

ജറുസലം: യൂറോപ്പിൽ ഹമാസിന്റെ വലിയൊരു ഭീകരശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടനയായ മൊസാദ് (Mossad) വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ ഹമാസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇസ്രയേൽ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങൾ തകർക്കുകയും ചെയ്തതായി മൊസാദ് പ്രസ്താവനയിൽ അറിയിച്ചു. ജർമനി, ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകൾ നടന്നു.
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി സംഭരിച്ചിരുന്ന സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും റെയ്ഡുകളിൽ പിടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രിയയിലെ വിയന്നയിൽ ആയുധങ്ങൾ പിടിച്ചെടുത്തതോടെയാണ് ഹമാസിൻ്റെ ഭീകരശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വിയന്നയിൽ കണ്ടെത്തിയ ആയുധങ്ങൾ മുഹമ്മദ് നയീമിൻ്റേതായിരുന്നു എന്നും, ഇയാൾ ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗമായ ബാസെം നയീമിൻ്റെ മകനാണെന്നും മൊസാദ് പറയുന്നു. ഖത്തറിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹമാസ് നേതൃത്വം അനുമതി നൽകിയതെന്നും ഖത്തറിലാണ് ആസൂത്രണം നടന്നതെന്നും മൊസാദ് ആരോപിക്കുന്നു. ഭീകരപ്രവർത്തനങ്ങൾക്കായി തുർക്കിയിൽ നിന്ന് ഹമാസിന് സഹായം ലഭിക്കുന്നതായും മൊസാദ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ആരോപണങ്ങളെല്ലാം ഹമാസ് നിഷേധിച്ചു.
The Israeli intelligence agency Mossad claimed to have dismantled a large-scale Hamas terror network operating across Europe, with the assistance of European countries, leading to arrests and the seizure of weapons and explosives intended for attacks on Israeli citizens and institutions.