
ഏഷ്യാ കപ്പ് ഫൈനലിൽ വിജയിച്ചതിന് ഇന്ത്യക്ക് ട്രോഫി കൈമാറാത്ത ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്ത്ര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിക്ക്, ഷഹീദ് സുൽഫിഖർ അലി ബുട്ടോ എക്‌സെലൻസ് അവാർഡ് നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് അവാർഡ് നൽകാതിരിക്കാനുള്ള നഖ്‌വിയുടെ തീരുമാനത്തിനാണ് മെഡൽ നൽകുന്നതെന്നാണ് റിപ്പോർട്ട്.
ഇത് പാകിസ്താൻ രാജ്യത്തിന് അഭിമാനകരമാണെന്നാണ് മെഡൽ പ്രഖ്യാപിച്ചവർ വാദിക്കുന്നത്. സിന്ദ് ആൻഡ് കറാച്ചി ബാസ്‌ക്കറ്റ് ബോൾ അസോസിയേറ്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് മെഡൽ പ്രഖ്യാപിച്ചത്.
കറാച്ചിയിൽ വെച്ച് നടക്കുന്ന പ്രത്യേക ഇവന്റിലാണ് മെഡൽ ദാനം നടക്കുക. പിപിപി ചെയർമാൻ ബിലാവൽ സർദാരിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.