ലാഹോർ: ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയത് ബംഗ്ലാദേശിന് അർഹമായ ‘ആദരവ്’ ഉറപ്പാക്കിയതിനാലാണെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി (Mohsin Naqvi). സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പാക്കിസ്ഥാനുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ബംഗ്ലാദേശിന്റെ ആവശ്യങ്ങൾ ഐസിസി അംഗീകരിച്ചതോടെയാണ് പാക് സർക്കാർ ടീമിന് അനുമതി നൽകിയത്.
തിങ്കളാഴ്ച രാത്രിയാണ് ബഹിഷ്കരണ ഉത്തരവ് പാക് സർക്കാർ പിൻവലിച്ചത്. ബംഗ്ലാദേശിനോട് കാണിച്ച അനീതി ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും തങ്ങൾക്ക് ഇതിൽ മറ്റ് വ്യക്തിപരമായ താല്പര്യങ്ങൾ ഒന്നുമില്ലെന്നും നഖ്‌വി വ്യക്തമാക്കി. ചർച്ചകളിൽ ഐസിസി ബംഗ്ലാദേശിന് മേൽ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും വരും വർഷങ്ങളിൽ ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശിന് മുൻഗണന നൽകുമെന്നും ഉറപ്പുനൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് മത്സരം കളിക്കണമെന്ന് അഭ്യർത്ഥിച്ചതും തീരുമാനത്തിൽ നിർണ്ണായകമായി.
Summary: PCB Chairman Mohsin Naqvi clarified that Pakistan’s initial decision to boycott the T20 World Cup match against India was a stand for “respect” and justice for Bangladesh.



