ധാക്ക: ബംഗ്ലാദേശിലെ നവോഗാവിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹൈന്ദവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മിഥുൻ സർക്കാർ എന്ന യുവാവ് മരിച്ചു. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ മിഥുനെ പിന്തുടർന്നത്. ക്രൂരമായ മർദ്ദനം ഭയന്ന് സമീപത്തെ കുളത്തിലേക്ക് ചാടിയ മിഥുൻ മുങ്ങിമരിക്കുകയായിരുന്നു.(Mob attack in Bangladesh, Hindu youth dies after jumping into pond to escape)
ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ഭയാനകമാംവിധം വർദ്ധിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ്ണ പരാജയമാണെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ആരോപിച്ചു.
കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം 51 വർഗീയ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 10 കൊലപാതകങ്ങളും 23 തീവെയ്പ്പ് കേസുകളും ഉൾപ്പെടുന്നു. വ്യാജ ദൈവനിന്ദാ കുറ്റങ്ങൾ ചുമത്തി ന്യൂനപക്ഷങ്ങളെ തടങ്കലിലാക്കുന്നതായും ക്ഷേത്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നതായും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.