

ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി കാണാതായിരുന്നു ഹിന്ദു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നവഗാവ് പട്ടണത്തിലെ കാലിതാല ശ്മശാനത്തിന് സമീപമുള്ള നദിയിൽ നിന്നാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെടുത്തതെന്ന് 'ദി ഡെയ്‌ലി അഗ്രജാത്ര പ്രതിദിൻ' റിപ്പോർട്ട് ചെയ്തു.
നവഗാവ് സർക്കാർ കോളേജിലെ മാനേജ്‌മെന്റ് വിഭാഗം നാലാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥിയായ അഭി ആണ് മരിച്ചത്. ബൊഗുര ജില്ലയിലെ സാന്താഹാർ സ്വദേശിയായ രമേശ് ചന്ദ്രയുടെ മകനാണ് ഇയാൾ.
കുടുംബാംഗങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ജനുവരി 11-ന് വീട്ടിലുണ്ടായ ഒരു തർക്കത്തിന് പിന്നാലെയാണ് അഭി പുറത്തേക്ക് പോയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മൃതദേഹം കണ്ടെത്തിയ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ നോക്കിയാണ് ബന്ധുക്കൾ അഭിയെ തിരിച്ചറിഞ്ഞത്.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥിയുടെ മരണം വലിയ ആശങ്കയോടെയാണ് സമൂഹം കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.