റഷ്യയിൽ സൈനിക ഹെലികോപ്റ്റർ രണ്ടായി ഒടിഞ്ഞു: അപകടത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം 5 പേർ കൊല്ലപ്പെട്ടു | Military helicopter
മോസ്കോ: റഷ്യയിൽ സൈനിക ഫാക്ടറിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.(Military helicopter breaks into two in Russia, 5 killed)
കാസ്പിയൻ കടലിനോട് ചേർന്നുള്ള ദാഗെസ്താൻ റിപ്പബ്ലിക്കിലാണ് ദുരന്തമുണ്ടായത്. റഷ്യൻ നിർമ്മിത കെഎ-226 (Ka-226) യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് തകർന്നുവീണത്. കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ജീവനക്കാരുമായി പോവുകയായിരുന്നു ഹെലികോപ്റ്റർ. കാസ്പിയൻ കടലിനടുത്തുള്ള ഒരു ഗ്രാമത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് ഇടിച്ചു തകരുകയായിരുന്നു. തുടർന്നുണ്ടായ തീപിടിത്തമാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നാണ് സൂചന.
ഹെലികോപ്റ്റർ പൈലറ്റിന് നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബീച്ചിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ രണ്ടായി ഒടിഞ്ഞത്. പിൻഭാഗം ഒരു പാറയിൽ ഇടിച്ചതിനെ തുടർന്ന് റോട്ടർ ഒടിഞ്ഞുപോവുകയായിരുന്നു.
ഹെലികോപ്റ്ററിൻ്റെ ഫ്ലൈറ്റ് മെക്കാനിക്കും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് സ്ഥിരീകരണം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ നിലവിൽ ചികിത്സയിലാണ്. ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററാണ് കെഎ-226. സംഭവത്തെക്കുറിച്ച് റഷ്യയുടെ ഫെഡറൽ വ്യോമയാന ഏജൻസിയായ റോസാവിയറ്റ്സിയ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
