

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ പ്രവിശ്യയായ ഒക്സാക്കയിൽ യാത്രാ ട്രെയിൻ പാളം തെറ്റി 13 പേർ കൊല്ലപ്പെട്ടു (Mexico Train Accident). പസഫിക് തീരത്തെ സലിന ക്രൂസിൽ നിന്ന് വെരാക്രൂസിലെ കോട്സകോൽകോസിലേക്ക് 250 യാത്രക്കാരുമായി പോവുകയായിരുന്ന 'ഇന്റർഓഷ്യാനിക് ട്രെയിൻ' ആണ് ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. നിസാണ്ട നഗരത്തിന് സമീപത്ത് വെച്ച് ട്രെയിൻ നിയന്ത്രണം വിട്ട് പാളം തെറ്റുകയായിരുന്നു.
അപകടത്തിൽ 98 പേർക്ക് പരിക്കേറ്റു, ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ട്രെയിൻ അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നുണ്ടെങ്കിലും, സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് മെക്സിക്കൻ നാവികസേനയും അറ്റോർണി ജനറലിന്റെ ഓഫീസും അന്വേഷിച്ചു വരികയാണ്. ഉൾനാടൻ മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്തുന്നതിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
പനാമ കനാലിന് പകരമായി മെക്സിക്കോ വികസിപ്പിച്ചെടുത്ത തന്ത്രപ്രധാനമായ ഈ റെയിൽവേ പാതയിൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ നാവികസേനയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും നിർദ്ദേശം നൽകുകയും ചെയ്തു.
A tragic train derailment in southern Mexico has claimed at least 13 lives and injured nearly 100 people. The Interoceanic Train, a major infrastructure project linking the Pacific and Gulf coasts, went off the tracks near Nizanda, Oaxaca, on Sunday night.