

മെക്സിക്കോ സിറ്റി: തെക്കൻ-മധ്യ മെക്സിക്കോയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്കും ഹൈവേകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പസഫിക് തീരദേശ റിസോർട്ടായ അകാപുൾകോയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
തെക്കൻ സംസ്ഥാനമായ ഗ്വെറേറോയിൽ വീട് തകർന്ന് വീണ് 50 വയസ്സുകാരി മരിച്ചു. മെക്സിക്കോ സിറ്റിയിൽ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. പ്രധാന ഭൂചലനത്തിന് പിന്നാലെ 500-ലധികം തുടർചലനങ്ങൾ ഉണ്ടായതായി മെക്സിക്കോയുടെ ദേശീയ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു.
അകാപുൾകോയിലും സമീപത്തെ ഹൈവേകളിലും പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു.ഗ്വെറേറോയുടെ തലസ്ഥാനമായ ചിൽപാൻസിംഗോയിലെ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.
ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം പുതുവർഷ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് നാടിനെ നടുക്കിയ ഭൂചലനം ഉണ്ടായത്. വിനോദസഞ്ചാരികളും താമസക്കാരും പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.