

യുഎസ് കമ്പനികളായ എൻവിഡിയ, എ.എം.ഡി എന്നിവയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ചൈനീസ് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണയുമായി എത്തിയ മെറ്റാ എക്സ് (MetaX) ഓഹരി വിപണിയിൽ അവിശ്വസനീയമായ കുതിച്ചുചാട്ടം. ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ ആദ്യദിനം തന്നെ 700 ശതമാനത്തിലധികം ഉയർന്നു.
104.66 യുവാൻ ഐ.പി.ഒ വിലയുണ്ടായിരുന്ന ഓഹരികൾ 700 യുവാനിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഇത് 895 യുവാൻ വരെ ഉയർന്നു. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ഈ ഐ.പി.ഒയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിശ്ചയിച്ചതിനേക്കാൾ 4,000 ഇരട്ടിയിലധികം അപേക്ഷകളാണ് നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. മുൻ എ.എം.ഡി എക്സിക്യൂട്ടീവായ ചെൻ വെയ്ലിയാങ് സ്ഥാപിച്ച കമ്പനിയാണ് മെറ്റാ എക്സ്. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ നിർമ്മിക്കുന്നതിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഐ.പി.ഒ വഴി ഏകദേശം 600 ദശലക്ഷം ഡോളർ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ തുക ഗവേഷണത്തിനും വികസനത്തിനുമായി ഉപയോഗിക്കും. കഴിഞ്ഞ മാസം വിപണിയിലെത്തിയ മറ്റൊരു ചൈനീസ് ചിപ്പ് കമ്പനിയായ 'മൂർ ത്രെഡ്‌സ്' 400 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റാ എക്സിന്റെ ഈ വൻ മുന്നേറ്റം. ചിപ്പ് നിർമ്മാണത്തിൽ ചൈന സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുമ്പോഴും, സാങ്കേതികവിദ്യയിൽ എൻവിഡിയ പോലുള്ള യുഎസ് കമ്പനികളുമായി വലിയ വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓഹരി വിലയിൽ അമിതമായ കുമിള രൂപപ്പെടുന്നുണ്ടോ എന്ന ആശങ്കയും ചില നിക്ഷേപകർ പങ്കുവെക്കുന്നുണ്ട്.
Shares of Chinese AI chipmaker MetaX Integrated Circuits surged as much as 700% on their debut in Shanghai on Wednesday. Founded by former AMD executive Chen Weiliang, the company benefited from China's aggressive push to achieve semiconductor self-sufficiency and reduce reliance on U.S. giants like Nvidia and AMD.