മയാമി: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ മെസ്സിക്ക് യുഎസിലെ മയാമിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അപകടത്തെത്തുടർന്ന് ജനുവരി ആദ്യവാരം നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹം മാറ്റിവെച്ചു.(Messi's sister seriously injured in car accident, January wedding postponed)
അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മരിയ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരിയയുടെ നട്ടെല്ലിന് ഒടിവുണ്ട്. കൂടാതെ ശരീരത്തിൽ പൊള്ളലേൽക്കുകയും ഉപ്പൂറ്റിക്കും കൈത്തണ്ടയ്ക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയ അപകടനില തരണം ചെയ്തെങ്കിലും പൂർണ്ണ ആരോഗ്യവതിയാകാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഇന്റർ മയാമി അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലുള്ള ജൂലിയൻ തുലി അരെല്ലാനോയുമായുള്ള മരിയയുടെ വിവാഹം ജനുവരി 3-ന് അർജന്റീനയിലെ റൊസാരിയോയിൽ വെച്ച് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഫാഷൻ ഡിസൈനറും സംരംഭകയുമായ മരിയ സോൾ മെസ്സി ദീർഘകാലം സ്പെയിനിലായിരുന്നു.