കീവ്: റഷ്യൻ അധിനിവേശത്തിന്റെ ദുരിതങ്ങൾക്കിടയിൽ, പുടിന്റെ നാശത്തിനായി പ്രാർഥിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ക്രിസ്മസ് ദിനത്തിൽ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ലോകത്തെ ഞെട്ടിച്ച സെലെൻസ്കിയുടെ വാക്കുകൾ. റഷ്യൻ പ്രസിഡന്റിന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന.(May he perish, Zelenskyy offers Christmas prayer without mentioning Putin by name )
"ഇന്ന് നമ്മളെല്ലാം ഒരൊറ്റ സ്വപ്നമാണ് പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും ഒരൊറ്റ ആഗ്രഹമേയുള്ളൂ... അയാൾ നശിക്കട്ടെ." യുക്രെയ്ൻ ജനതയ്ക്ക് മേൽ റഷ്യ അഴിച്ചുവിട്ട കടുത്ത അതിക്രമങ്ങളെ സൂചിപ്പിച്ചായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. റഷ്യ എത്രയൊക്കെ ദുരിതങ്ങൾ സമ്മാനിച്ചാലും യുക്രെയ്ൻ ജനതയുടെ ഹൃദയത്തെയോ വിശ്വാസത്തെയോ തകർക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
റഷ്യയ്ക്ക് കീഴടക്കാൻ സാധിക്കാത്തത് യുക്രെയ്നിയൻ ഹൃദയങ്ങളെയും ജനങ്ങളുടെ ഐക്യത്തെയുമാണെന്ന് സെലെൻസ്കി പറഞ്ഞു. ദൈവത്തോട് ഏറ്റവും മഹത്തായ കാര്യമാണ് യുക്രെയ്ൻ ചോദിക്കുന്നത്. അത് സമാധാനമാണ്. ആ സമാധാനത്തിനായി രാജ്യം പ്രാർഥിക്കുക മാത്രമല്ല, പോരാടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ സമാധാനം അർഹിക്കുന്നുണ്ടെന്നും ആ ലക്ഷ്യം നേടിയെടുക്കുമെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു.