
പാരിസ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളും ചരിത്രവസ്തുക്കളും (മോണാലിസ ഉൾപ്പെടെ) സൂക്ഷിച്ചിരിക്കുന്ന ലൂവർ മ്യൂസിയത്തിൽ വൻ മോഷണം. നെപ്പോളിയൻ കാലഘട്ടത്തിലെ രാജകീയ ആഭരണ ശേഖരത്തിൽ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയമാണ് മോഷണ വിവരം ഔദ്യോഗികമായി അറിയിച്ചത്. മോഷണത്തെ തുടർന്ന് മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.
മോഷണം നടന്നത് നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തുകൂടി
മ്യൂസിയം തുറന്നപ്പോൾ കവർച്ച നടന്നതായി അറിഞ്ഞെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്രഞ്ച് സാംസ്കാരിക മന്ത്രി റാഷിദ ദാത്തി അറിയിച്ചു. നെപ്പോളിയൻ ചക്രവർത്തിയുടെയും ചക്രവർത്തിനിയുടേയും ആഭരണ ശേഖരമാണ് മോഷണം പോയത്.
പോലീസ്, മ്യൂസിയം വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചത് സെൻ നദിക്ക് അഭിമുഖമായുള്ള, നിലവിൽ നിർമ്മാണം നടക്കുന്ന ഭാഗത്തുകൂടിയാണ്.നെപ്പോളിയൻ്റെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അപ്പോളോ ഗാലറിയിൽ എത്താൻ മോഷ്ടാക്കൾ സാധനങ്ങൾ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു.ശേഷം ജനൽച്ചില്ലുകൾ തകർത്താണ് ആഭരണങ്ങളുമായി കടന്നുകളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.