റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയക്കെതിരെ നടന്ന പോലീസ് നടപടിയിൽ നാല് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ലഹരിമാഫിയ വിരുദ്ധ നടപടിയാണിതെന്ന് അധികൃതർ അറിയിച്ചു.(Massive police operation against drug mafia, 64 people killed in Brazil,)
മറ്റൊരു പ്രധാന കായിക ഇവന്റ് റിയോയിൽ ആരംഭിക്കാനിരിക്കെയാണ് ദിവസങ്ങൾ നീണ്ട ഈ പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്. കോംപ്ലക്സോ ഡോ അലെമോ, പെൻഹ എന്നീ ചേരിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോമാൻഡോ വെർമെൽഹോ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്തുസംഘങ്ങളെ ലക്ഷ്യമിട്ടാണ് പോലീസ് നടപടി.
ഏകദേശം 2,500 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം നീണ്ട അന്വേഷണത്തെ തുടർന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി തുടങ്ങിയത്.
മാഫിയ സംഘങ്ങളും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസിന് നേരെ മാഫിയ സംഘങ്ങൾ ഗ്രനേഡുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി സാധാരണ ജനജീവിതം തടസ്സപ്പെട്ടു. പോലീസിനെ തടയാൻ വടക്കൻ, തെക്കുകിഴക്കൻ റിയോയിലെ പ്രധാന റോഡുകൾ മാഫിയ സംഘങ്ങൾ തടസ്സപ്പെടുത്തി. ആളുകൾ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സംഘം ബസുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്തു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് 48 സ്കൂളുകൾക്ക് അവധി നൽകി. കൂടാതെ റിയോ ഡി ജനീറോയിലെ ഫെഡറൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് വീടിനുള്ളിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.