

ഇസ്താംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ കൊകേലി പ്രവിശ്യയിലുള്ള പെർഫ്യൂം ഡിപ്പോയിലുണ്ടായ വൻ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊകേലി പ്രവിശ്യയിലെ ദിലോവാസിയിലാണ് അപകടം ഉണ്ടായത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക പട്ടണമാണ് ദിലോവാസി.പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് തീപിടുത്തമുണ്ടായത്.സുഗന്ധ വസ്തുക്കൾ വൻതോതിൽ ശേഖരിച്ച് വെച്ച അറയിലേക്കാണ് തീ പടർന്നത്. സുഗന്ധ വസ്തുക്കളിൽ ചേർക്കുന്ന സ്പിരിറ്റ് ഉൾപ്പെടെയുള്ള ഉയർന്ന ജ്വലന ശേഷിയുള്ള വസ്തുക്കൾ അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തത്തിന് മുൻപ് ഡിപ്പോയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡിപ്പോ ആയി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ രണ്ട് നിലകൾ തീപിടുത്തത്തിൽ കത്തി നശിച്ചു.അടിയന്തര പ്രതികരണ സംഘങ്ങളെയും അഗ്നിശമന സേനാംഗങ്ങളെയും ഉടൻ സ്ഥലത്തേക്ക് അയക്കുകയും ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രവിശ്യാ ഗവർണർ അറിയിച്ചു.