ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.(Massive explosion outside court in Pakistan capital, 12 killed)
കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൻ്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്.
വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.