ബേൺ: സ്വിറ്റ്സർലൻഡിലെ ക്രാൻസ്–മൊണ്ടാന സ്കീ റിസോർട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ വൻ ദുരന്തം. പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെയാണ് അപകടമുണ്ടായത്. പുതുവത്സരം പിറന്നതിന്റെ ആഘോഷങ്ങൾക്കിടെ നൂറിലേറെ പേർ തടിച്ചുകൂടിയ സ്ഥലത്താണ് സ്ഫോടനം നടന്നത്.(Massive explosion during New Year's celebrations at Swiss resort, More than 10 people, including foreigners, killed)
പത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ വിദേശികളുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 100-ൽ അധികം പേർക്ക് പരിക്കേറ്റു. പ്രദേശത്തെ ആശുപത്രികളിലെ ഐസിയു നിറഞ്ഞതിനെത്തുടർന്ന് പരുക്കേറ്റവരെ മറ്റ് നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.
ഇതൊരു ഭീകരാക്രമണമല്ലെന്നും മറിച്ച് ബാറിലുണ്ടായ തീപിടിത്തമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വിറ്റ്സർലൻഡിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ കാന്റൻ വലൈസിലാണ് അപകടം നടന്ന ക്രാൻസ്–മൊണ്ടാന സ്ഥിതി ചെയ്യുന്നത്. ആൽപ്സ് പർവതനിരകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.
ആഡംബര റിസോർട്ടുകൾക്കും ഗോൾഫ് കോഴ്സുകൾക്കും പേരുകേട്ട സ്ഥലമാണ് ക്രാൻസ്–മൊണ്ടാന. ഈ മാസം അവസാനം നടക്കാനിരിക്കുന്ന എഫ്.ഐ.എസ് (FIS) സ്കീയിങ് വേൾഡ് കപ്പിന് വേദിയാകാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. ബ്രിട്ടീഷ് വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്ന മേഖലയാണിവിടം.