ജനീവ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ ഉടൻ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ജർമ്മനിയും ജോർദാനും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. ദർഫാർ പ്രദേശം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്.) പിടിച്ചെടുത്തതിന് ശേഷം വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഈ ആവശ്യം.(Massacre in Sudan, Germany, Britain and Jordan call for immediate ceasefire)
വംശീയ കൂട്ടക്കൊലയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൽ ഫാഷർ നഗരത്തിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവം. എൽ ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 450 പേരെ ആർ.എസ്.എഫ്. പ്രവർത്തകർ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
സുഡാൻ സൈന്യവുമായി (സുഡാൻ ആംഡ് ഫോഴ്സസ് - SAF) മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ എൽ ഫാഷർ നഗരം ആർ.എസ്.എഫ്. പിടിച്ചെടുത്തതിനു പിന്നാലെ കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെയാണ് നടന്നതെന്നാണ് റിപ്പോർട്ട്.
സായുധസംഘം നൂറുകണക്കിന് ആളുകളെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുഡാനിലേത് അതിഭീകരമായ സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) വിലയിരുത്തി. ഒരു വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധം ജനജീവിതം ദുരിതത്തിലാക്കി.
റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാൻ ആംഡ് ഫോഴ്‌സസും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് യു.എൻ. കണക്കുകൾ സൂചിപ്പിക്കുന്നത്. ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.4 കോടി ആളുകൾ രാജ്യത്തിനകത്തും പുറത്തുമായി പലായനം ചെയ്തിട്ടുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ ഇടത്തേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാൻ അറിയിച്ചു.