സുഡാനിൽ കൂട്ടക്കൊല: എൽ ഫാഷറിൽ സൗദി ആശുപത്രിയിൽ 460 പേരെ കൊലപ്പെടുത്തി, ലൈംഗികാതിക്രമം, ആസൂത്രിത ആക്രമണമെന്ന് WHO | Sudan

2,000-ത്തോളം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സുഡാനിൽ കൂട്ടക്കൊല: എൽ ഫാഷറിൽ സൗദി ആശുപത്രിയിൽ 460 പേരെ കൊലപ്പെടുത്തി, ലൈംഗികാതിക്രമം, ആസൂത്രിത ആക്രമണമെന്ന് WHO | Sudan
Published on

ജനീവ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ സംഘർഷം അതിക്രൂരമായ കൂട്ടക്കൊലകളിലേക്ക് വഴിമാറുന്നു. സുഡാനിലെ തന്ത്രപ്രധാന നഗരമായ എൽ ഫാഷർ പിടിച്ചെടുത്ത അർധസൈനിക വിഭാഗം (ആർ.എസ്.എഫ്) നടത്തിയ കൂട്ടക്കൊലകൾ ഘട്ടം ഘട്ടമായുള്ള ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി.(Massacre in Sudan, 460 people killed in hospital)

എൽ ഫാഷർ നഗരത്തിലെ സൗദി ഹോസ്പിറ്റലിലാണ് ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്. ഇവിടെ 460 പേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ആണ് ആക്രമണത്തിന് പിന്നിൽ. വീടുകളിലും ആശുപത്രിയിലും ഇവർ ആക്രമണം അഴിച്ചുവിട്ടു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമങ്ങൾക്കും ഇരയായി.

ആശുപത്രിയിലെത്തിയ ആർ.എസ്.എഫ് സംഘം ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തി മറ്റ് ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവെച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി ഇവർ കൊലപ്പെടുത്തുകയായിരുന്നു.

സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായാണ് ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുന്നത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. ദിവസങ്ങൾക്കുമുമ്പ് എൽ ഫാഷർ നഗരം വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊലകൾ ആരംഭിച്ചത്.

ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അതിക്രൂരമായി കൊല ചെയ്യുന്നത്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ 40,000-നു മുകളിലാണ് മരണസംഖ്യ. എൽ ഫാഷറിൽ മാത്രം രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000-ത്തോളം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
Times Kerala
timeskerala.com