ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ, വിമതസൈന്യമായ ആർ.എസ്.എഫ് പിടിച്ചെടുത്ത എൽ ഫാഷർ നഗരത്തിൽ കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ അധീനതയിലായിരുന്ന നോർത്ത് ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷർ, രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് ശേഷമാണ് ആർ.എസ്.എഫ്. പിടിച്ചെടുത്തത്.(Mass graves being prepared in Sudan, RSF trying to destroy evidence of atrocities, report says)
കൂട്ടക്കൊലകൾ അരങ്ങേറിയ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ എൽ-ഫാഷർ നഗരത്തിൽ ആർ.എസ്.എഫ്. കൂട്ടക്കുഴിമാടങ്ങൾ കുഴിക്കാൻ തുടങ്ങിയിരിക്കുന്നു. നഗരത്തിലുടനീളമുള്ള മൃതദേഹങ്ങൾ ശേഖരിക്കാനും അവർ ശ്രമിക്കുന്നു.
കൂട്ടക്കൊലയുടെ തെളിവുകൾ ആർ.എസ്.എഫ്. നശിപ്പിക്കുകയാണെന്ന്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നഥാനിയേൽ റെയ്മണ്ട് പറഞ്ഞു. ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ 10 ദിവസത്തിനുള്ളിൽ ഇവിടെ മരിച്ചിട്ടുണ്ടാകാം എന്നും റെയ്മണ്ട് കൂട്ടിച്ചേർത്തു.
2023 ഏപ്രിൽ മുതൽ സുഡാന്റെ നിയന്ത്രണത്തിനായി സുഡാനീസ് സായുധ സേനയുമായി (എസ്.എ.എഫ്.) പോരാടുന്ന അർദ്ധസൈനിക വിഭാഗമാണ് ആർ.എസ്.എഫ്. ഒക്ടോബർ 26-നാണ് സുഡാനീസ് സായുധ സേന (എസ്.എ.എഫ്.) പിൻവാങ്ങിയതിനെത്തുടർന്ന് നോർത്ത് ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ നിയന്ത്രണം ആർ.എസ്.എഫ്. പിടിച്ചെടുത്തത്.
ആർ.എസ്.എഫ്. നഗരം പിടിച്ചെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകൾ എൽ ഫാഷർ നഗരത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വിചാരണയില്ലാത്ത കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, കൂട്ടക്കൊലകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.